ആഭ്യന്തര വിപണിയിലെ വാഹന നിരയില്‍ ഒരു പ്രധാന അപ്ഡേഷനുമായി യമഹ മോട്ടോര്‍സൈക്കിള്‍സ്. യമഹ ആര്‍15 ശ്രേണിയില്‍പ്പെട്ട ആര്‍15, ആര്‍15എം എന്നീ രണ്ട് ബൈക്കുകളാണ് പുതിയ നൂതന ഫീച്ചറുകളും സാങ്കേതികവിദ്യയുമായി കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ ബൈക്കുകളുടെ പ്രാരംഭ വില യഥാക്രമം 1,81,900 രൂപയും, 1,93,900 രൂപയുമാണ് (എക്സ്-ഷോറൂം, ഡല്‍ഹി) കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഈ രണ്ട് ബൈക്കുകളിലും, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുമായി വരുന്ന ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ കമ്പനി നല്‍കിയിട്ടുണ്ട്. ബ്ലൂടൂത്ത് വഴി ഈ ബൈക്കുകളെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാം. ഇതുകൂടാതെ, ഡേ-നൈറ്റ് മോഡുകള്‍, ഗിയര്‍ പൊസിഷനിംഗ് ഇന്‍ഡിക്കേറ്ററുകള്‍, പാര്‍കിംഗ് ലൊക്കേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ നിരയിലെ രണ്ട് വാഹനങ്ങളെയും വേറിട്ട് നിര്‍ത്തുന്നു. 115 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ വേരിയബിള്‍ വാല്‍വ് എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. ഇത് 18.1 ബിഎച്ച്പി കരുത്തും 14.2 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.