കേരളത്തിലെ പ്രമുഖ എഡ്ടെക് ഫ്ളാറ്റ്ഫോമായ സൈലം ലേണിംഗിന്റെ 50 ശതമാനം ഓഹരികള്‍ നോയിഡ ആസ്ഥാനമായ എഡ്ടെക് ആപ്പായ ഫിസിക്സ് വാല ഏറ്റെടുക്കും. 500 കോടി രൂപ നിക്ഷേപത്തോടെ അടുത്ത മൂന്നുവര്‍ഷം കൊണ്ടാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. ഏറ്റെടുക്കുന്നതില്‍ സൈലത്തിന്റെ പുതിയ ഓഹരികളും നിലവിലെ ഓഹരി ഉടമകള്‍ ഓഹരിയായും പണമായും കൈവശം വച്ചിട്ടുള്ള പങ്കാളിത്തവും ഉള്‍പ്പെടും. നിക്ഷേപത്തിന്റെ ഒരുഭാഗം സൈലത്തിന്റെ ലേണിംഗ് മോഡല്‍ വിപുലപ്പെടുത്താനാകും ഉപയോഗിക്കുക. ജി.എസ്.വി വെഞ്ച്വേഴ്സും വെസ്റ്റ് ബ്രിഡ്ജ് ക്യാപ്പിറ്റലും പിന്തുണയ്ക്കുന്ന ഫിസിക്സ് വാല കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുന്ന ഏറ്റെടുക്കലുകളില്‍ ഏറ്റവും ഒടുവിലത്തേതാണ് സൈലത്തിന്റേത്. യു.എ.ഇ ആസ്ഥാനമായ കെ12 ഓണ്‍ലൈന്‍, ഗള്‍ഫ് മേഖലകളില്‍ പ്രവാസികള്‍ക്കായി പരീക്ഷാ പരിശീലനം നല്കുന്ന ഓഫ്ലൈന് സ്റ്റാര്‍ട്ടപ്പായ നോളജ് പ്ലാനറ്റ് എന്നിവയെയും അടുത്തിടെ ഏറ്റെടുത്തിരുന്നു. ഐന്യൂറോണ്, ആള്‍ട്ടിസ് വോര്‍ടെക്സ്, പ്രിപ് ഓണ്‍ലൈന്‍, ഫ്രീ കോ എന്നിവയെയും ഫിസിക്സ് വാല ഏറ്റെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യയിലേക്കും സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ഫിസിക്സ് വാല സൈലത്തെ ഏറ്റെടുക്കുന്നത്. ഏറ്റെടുക്കലിന് ശേഷവും സൈലത്തെ സ്വതന്ത്ര ബ്രാന്‍ഡായി നിലനിറുത്തിയേക്കും. 2021-22 സാമ്പത്തിക വര്‍ഷപ്രകാരം 232.48 കോടി രൂപയാണ് ഫിസിക്സ് വാലയുടെ വരുമാനം. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 9 മടങ്ങ് അധികമാണിത്.
സൈലവും ഫിസിക്സ് വാലയും കൈകോര്‍ക്കുന്നു
