വിഴിഞ്ഞം തുറമുഖത്തെ കരയിലും കടലിലും വളഞ്ഞ് മല്‍സ്യത്തൊഴിലാളികള്‍. ബാരിക്കേഡുകള്‍ തള്ളിമാറ്റിയും എല്ലാ ഗേറ്റുകളും ചാടിക്കടന്നും സമരക്കാര്‍ മുന്നേറി. കടലില്‍ നൂറുകണക്കിനു ബോട്ടുകളിലായി സമരക്കാര്‍ എത്തി തുറമുഖ പ്രദേശം വളഞ്ഞു. ടവറിനു മുകളില്‍ കൊടി നാട്ടി പ്രതിഷേധിച്ചു.
സര്‍വകലാശാലകളില്‍ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കാനുള്ള ഭേദഗതി നിയമം ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. വിസി നിയമനത്തിനുള്ള സര്‍ച്ച് കമ്മിറ്റിയില്‍ അഞ്ചംഗങ്ങളുണ്ടാകും. സമിതിയില്‍ സര്‍ക്കാരിന് മേധാവിത്വമുണ്ടാകും. സിപിഐ എതിര്‍ത്തിരുന്ന ലോകായുക്ത ഭേദഗതി ബില്ലും ബുധനാഴ്ച നിയമസഭയിലെത്തും. 25, 26 ദിവസങ്ങളില്‍ നിയമസഭ ഉണ്ടാകില്ല.
തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൂത്താളിയില്‍ പുതിയേടത്ത് ചന്ദ്രിക (53) യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം 21 ന് തെരുവ് നായയുടെ കടിയേറ്റ ചന്ദ്രിക പേവിഷബാധക്കെതിരെ ക്യത്യമായ വാക്‌സീനുകള്‍ എടുത്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. പത്ത് ദിവസം മുമ്പ് ഇവര്‍ക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. ഇതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാക്‌സീനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിനെ നിയമിക്കുന്ന നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയുടെ ഹര്‍ജിയിലാണ് നടപടി.
ഡല്‍ഹിയില്‍ കര്‍ഷകരുടെ മഹാപഞ്ചായത്ത്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ജനസാഗരമാണ് എത്തിയത്. പോലീസിന്റെ ബാരിക്കേഡുകള്‍ മറിച്ചിട്ടാണ് കര്‍ഷകര്‍ എത്തിയത്. കാര്‍ഷികോല്‍പന്നങ്ങള്‍ക്കു താങ്ങുവില പ്രഖ്യാപിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങി ഒമ്പത് ആവശ്യങ്ങളുമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനയ്യായിരത്തിലേറെ കര്‍ഷകര്‍ സരമത്തിനെത്തി.
ബിജെപിയില്‍ ചേര്‍ന്നാല്‍ മദ്യക്കേസും അഴിമതിക്കേസുമെല്ലാം ഒഴിവാക്കിത്തരാമെന്ന് സന്ദേശം ലഭിച്ചെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തല പോയാലും ബിജെപിയിലേക്കു താന്‍ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു. കേസുകളെല്ലാം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരേ ലക്ഷ്യത്തിനായി പോരാടിയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍നിന്ന് ചിലരെ അടര്‍ത്തിമാറ്റാനുള്ള ശ്രമം ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തിന്റെ ഭാഗമായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയുടെ പാഠത്തിന് ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കര്‍ എം ബി രാജേഷ്. സ്വാതന്ത്ര്യ സമര പോരാട്ടത്തിനു നേതൃത്വം നല്‍കിയ ഗാന്ധിയുടെയും നെഹ്റുവിന്റേയും സ്ഥാനത്ത് ബ്രിട്ടിഷുകാര്‍ക്ക് മുന്നില്‍ മാപ്പ് അപേക്ഷ നല്‍കിയ ചിലരെ പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടിയെങ്കിലും യുഡിഎഫ് സീറ്റുകള്‍ ഇരട്ടിയാക്കി. 35 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 21 സീറ്റിലും യുഡിഎഫ് 14 ഡിവിഷനുകളിലും ജയിച്ചു. നിലവില്‍ എല്‍ഡിഎഫിന് 28 സീറ്റുണ്ടായിരുന്നു. 25 സീറ്റുകള്‍ സിപിഎം ഒറ്റയ്ക്ക് നേടിയ നഗരസഭയിലാണ് ഇക്കുറി എല്‍ഡിഎഫ് 21 ല്‍ ഒതുങ്ങിയത്.
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റെന്നത് വ്യാജ പ്രചാരണമാണെന്ന് മുന്‍ മന്ത്രി കെ.കെ.ശൈലജ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. രജിത 661 വോട്ടു നേടി ജയിച്ചു. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 81 വോട്ടാണ് ലഭിച്ചതെന്നും ശൈലജ.
കോട്ടയം കടുത്തുരുത്തിയില്‍ അമിതവേഗത്തിലെത്തിയെ സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് കോളജ് അധ്യാപകന്‍ അടക്കം രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരന്‍ ഞീഴൂര്‍ ഐഎച്ച്ആര്‍ഡി കോളജ് അധ്യാപകന്‍ വൈക്കം തലയോലപറമ്പ് കാര്‍ത്തിക നിവാസില്‍ അനന്തു ഗോപിയും (28), സ്‌കൂട്ടര്‍ യാത്രക്കാരന്‍ അമല്‍ ജോസഫ് (23) എന്നിവരാണു മരിച്ചത്.
സൗദിയിലെ ജിസാനിനടുത്ത ബൈഷില്‍ നടന്ന വാഹനാപകടത്തില്‍ മലപ്പുറം വേങ്ങരയിലെ സഹോദരങ്ങള്‍ മരിച്ചു. വെട്ടുതോട് നെല്ലിപറമ്പ് കാപ്പില്‍ കുഞ്ഞി മുഹമ്മദ്ഹാജിയുടെ മക്കളായ ജബ്ബാര്‍ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. കടകളിലേക്കു പച്ചക്കറി എത്തിക്കുന്ന ബിസിനസാണ് ഇരുവരും നടത്തിയിരുന്നത്.
ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ നിഴല്‍ യുദ്ധം നടത്തുകയാണെന്ന് സിപിഐ മുഖപത്രമായ ജനയുഗം. ഇല്ലാത്ത അധികാരം എടുത്തണിഞ്ഞു ഗവര്‍ണര്‍ മേനി നടിക്കുന്നു. ഗവര്‍ണറുടെ നടപടികള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കുറ്റപ്പെടുത്തി.
പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വോട്ടയുടെ മൂന്നാമതും അവസാനത്തേതുമായ അലോട്ട്‌മെന്റ് തയ്യാര്‍. 24 ന് വൈകുന്നേരം അഞ്ചിനു മുമ്പു പ്രവേശനം നേടണം.
കോഴിക്കോട് ഇന്നലെ രാത്രി ലാത്തിച്ചാര്‍ജിനും അറുപതു പേര്‍ക്കു പരിക്കിനും ഇടയാക്കിയ സംഗീത പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് പോലീസ്. പോലീസിനെ ആക്രമച്ചതിന് മാത്തോട്ടം സ്വദേശി മുഹമ്മദ് ഷുഹൈബിനെ അറസ്റ്റു ചെയ്തു. സംഘര്‍ഷത്തിന് അമ്പതു പേര്‍ക്കെതിരേ കേസെടുത്തു. കോഴിക്കോട് ജെഡിടി കോളജ് പാലിയേറ്റീവ് കെയറിനായി സംഘടിപ്പിച്ച കാര്‍ണിവലില്‍ സ്റ്റാളുകള്‍ക്കുള്ള അനുമതിയാണ് നല്‍കിയതെന്നും പോലീസും മേയറും പറഞ്ഞു.
ഞാറക്കലിലെ സിപിഐ ഓഫീസ് ആക്രമണ കേസില്‍ സിപിഎം ഏരിയാ സെക്രട്ടറി പ്രിനില്‍ ഉള്‍പെടെ അഞ്ചു സിപിഎമ്മുകാര്‍ക്കെതിരെ കേസ്. ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് സി പി ഐ മണ്ഡലം സെക്രട്ടറിക്ക് അടക്കം പരിക്കേറ്റത്.