എആര്‍ മുരുകദോസും ശിവകാര്‍ത്തികേയനും ഒന്നിച്ചുള്ള സിനിമയുടെ പ്രഖ്യാപനം മുതലേ ആരാധകര്‍ ആവേശത്തിലാണ്. ‘എസ്‌കെ 23’ എന്ന് താല്ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡ് താരം വിദ്യുത് ജംവാല്‍ ചിത്രത്തില്‍ വില്ലനായെത്തുന്നുവെന്നാണ് പുതിയ വിവരം. പത്ത് വര്‍ഷത്തിന് ശേഷമാണ് വിദ്യുത് തമിഴിലേക്ക് വീണ്ടുമെത്തുന്നത്. മുരുകദോസ് സംവിധാനം ചെയ്ത തുപ്പാക്കിയില്‍ വിജയ്യുടെ വില്ലനായെത്തിയതും വിദ്യുത് ആയിരുന്നു. നടി രുക്മിണി വസന്ത് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നടന്‍ ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്. ഇതാദ്യമായാണ് മുരുകദോസും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നത്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജു മേനോന്‍ തമിഴില്‍ പ്രധാന വേഷത്തിലെത്തുന്നത്. തമിഴില്‍ 2010 ല്‍ പുറത്തിറങ്ങിയ പോര്‍ക്കളം എന്ന ചിത്രമാണ് ബിജു മേനോന്റേതായി ഒടുവിലെത്തിയത്.