റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വയാകോം 18 ഉം വാള്‍ട്ട് ഡിസ്നിയുടെ സ്റ്റാര്‍ ഇന്ത്യയും തമ്മിലുള്ള ലയനം നവംബര്‍ ആദ്യം ഔദ്യോഗികമായി പൂര്‍ത്തിയാകും. ലയനത്തോടെ 8.5 ബില്യണ്‍ ഡോളര്‍ (71462.39 കോടി രൂപ) മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ വിനോദ കമ്പനിയായി ഇത് മാറും. ലയന കരാറിന്റെ ഭാഗമായി വിയാകോം 18 ന്റെ ആസ്തികള്‍ സ്റ്റാര്‍ ഇന്ത്യയിലേക്ക് മാറ്റുന്നതാണ്. ലയനത്തിന് ശേഷം സ്റ്റാര്‍ ഇന്ത്യയായിരിക്കും ഓപ്പറേറ്റിംഗ് കമ്പനി. 100 ലധികം ടിവി ചാനലുകളും രണ്ട് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ കമ്പനി. 2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഡിസ്നി+ഹോട്ട്സ്റ്റാറില്‍ ആയിരിക്കും സ്ട്രീം ചെയ്യുകയെന്ന് കരുതുന്നു. സ്റ്റാര്‍ ഇന്ത്യയുടെ കീഴിലുള്ള സംയുക്ത സ്ഥാപനം നവംബര്‍ 7 ഓടെ പ്രാബല്യത്തില്‍ വരുമെന്നാണ് നിലവില്‍ വിലയിരുത്തുന്നത്. നിത അംബാനിയും ഉദയ് ശങ്കറുമായിരിക്കും പുതിയ കമ്പനിയുടെ ചെയര്‍മാനായും വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കുക.