നിലാവില് കുതിര്ന്നുനില്ക്കുന്ന വില്ലോമരത്തെ കാണാന്‍ തോന്നിയപ്പോഴാണ് മുന്‍വശത്തേക്കുള്ള ജനാലപ്പാളി ഒച്ചയില്ലാതെ തുറന്നത്. കാറ്റില്‍ കിതച്ചിളകുന്ന വില്ലോമരം കണ്ടു, സ്പഷ്ടമായിത്തന്നെ. അതിനു കീഴില്‍ അതാ ഗ്വാങ്ലിന്‍! ജാവേദില്‍ കയ്പുള്ള ഉമിനീരിറങ്ങി. ഉലയുന്ന തീനാളത്തോടെ മരത്തിനു ചുറ്റും മെലിഞ്ഞ മെഴുകുതിരികള്‍. കറുത്ത ജാക്കറ്റിട്ട അയാള്‍ കൈയിലുള്ള മണ്‍വെട്ടികൊണ്ട് ആഞ്ഞു കുഴിക്കുകയാണ്. ഇരുചെവിയിലേക്കും ചെറുവിരല്‍ കേറ്റി തല കുടഞ്ഞു ജാവേദ്. അത്രയേറെ അടുത്തുനിന്നൊരാള്‍ കുഴിവെട്ടിയിട്ടും ഒട്ടും ശബ്ദമില്ലായിരുന്നു. ഭയച്ചീളുകളാല്‍ മേനിയാകെ ഉരഞ്ഞു. വിറച്ച്, കൂട്ടിയിടിക്കുന്ന കാല്‍മുട്ടില്‍ കൈകളമര്‍ത്തി ബോധം നഷ്ടമായവനെപ്പോലെ തറയിലേക്കിരുന്നു ജാവേദ്. വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്ന പുതു ആഖ്യാനശൈലിയില്‍ രാജ്യാതിര്‍ത്തികളും ഭാഷാവൈവിദ്ധ്യങ്ങളും ഭാവനയ്ക്ക് അതിരുകളോ പരിമിതികളോ അല്ലെന്ന് കാട്ടിത്തരുന്ന ചെന്താരകം, ചൈനീസ് ബാര്‍ബിക്യൂ, ച്യേ, വേട്ടാള തുടങ്ങിയ പതിനൊന്നു കഥകള്‍. ഫര്‍സാനയുടെ ആദ്യ കഥാസമാഹാരം. ‘വേട്ടാള’. മാതൃഭൂമി. വില 178 രൂപ.