വി.കെ. ശ്രീരാമനറിയാം ചരിത്രത്തിന്റെ മൗനങ്ങളിലേക്ക് വീണുപോയവരുടെ, വീഴ്ത്തപ്പെട്ടവരുടെ ജീവിതം. അവരുടെ ഊരറിയാം. ഉള്ളറിയാം. പോരും പൊരുത്തവുമറിയാം. നിലനില്‍പ്പും നിലയില്ലായ്മയുമറിയാം. ഭാഷയറിയാം. അതിലെ ഇരുള്‍ധ്വനികളറിയാം. സിനിമയിലുണ്ടെങ്കിലും ദൃശ്യവ്യവസായത്തോടും അതുത്പാദിപ്പിക്കുന്ന കാഴ്ചക്കേടുകളോടും യോജിപ്പിലല്ല വി.കെ. ശ്രീരാമന്‍. വഞ്ചകമായ ആ ദൃശ്യാര്‍ഭാടങ്ങള്‍ക്കെതിരായ പ്രതിരോധ സംസ്‌കാരമാണ് ശ്രീരാമന്റെ ബദലെഴുത്ത്. എഴുത്തുകാരന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍, ചിത്രകാരന്‍, ചരിത്രകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍ എന്നിങ്ങനെ അനേകം വേഷങ്ങളില്‍ പകര്‍ന്നാട്ടം നടത്തിയ ഒരു മനുഷ്യന്റെ സമഗ്രജീവിതം സംഗ്രഹിച്ച സമാഹാരം. ‘വേറിട്ട ശ്രീരാമന്‍’. ഷാജി കെ.എന്‍. മാതൃഭൂമി. വില 255 രൂപ.