ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. പ്രദേശികമായ ഒരു പരിശോധനകളും ഇല്ലാതെ ബഫര്‍ സോണ്‍ മാപ്പ് തയാറാക്കിയത് ജനങ്ങളെ സർക്കാർ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ പോലും അതിജീവിച്ചാണ് ഈ ഗ്രാമത്തിലെ ജനങ്ങള്‍ കൃഷിയിറക്കുന്നത്. അടിയന്തിരമായി ഗ്രൗണ്ട് സര്‍വെ നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായ വീഴ്ചകള്‍ ആദ്യം പരിഹരിക്കണം. മനുഷ്യത്വ രഹിതവും കര്‍ഷക വിരുദ്ധവുമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുമെന്നും യുഡിഎഫ് ചെയർമാൻ വ്യക്തമാക്കി.