ഒരുകൂട്ടം സോഷ്യല്‍ മീഡിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തിയ ചിത്രമാണ് ‘വാഴ’. ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥയൊരുക്കിയ ചിത്രമാണിത്. വലിയ പ്രീ റിലീസ് ബഹളങ്ങളൊന്നുമില്ലാതെയാണ് വന്നതെങ്കിലും നാലാം വാരത്തിലും മികച്ച സ്‌ക്രീന്‍ കൗണ്ടോടെ പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ മൂന്ന് ആഴ്ചകളിലെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 28 കോടി ഇതിനകം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മറ്റിടങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമായി നേടിയത് മറ്റൊരു 12 കോടി. അങ്ങനെ 40 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ്, അമിത് മോഹന്‍, അനുരാജ്, അന്‍ഷിദ് അനു, അശ്വിന്‍ വിജയന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.