വിഷാദ രോഗത്തിന് മികച്ച ചികിത്സാ രീതി വികസിപ്പിച്ച് ഗവേഷകര്‍. സെന്റ്. ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വാഗസ് നാഡിയെ ഉത്തേജിപ്പിക്കുന്നതിലൂടെ കഠിനമായതും ദീര്‍ഘകാലവുമായ വിഷാദരോഗമുള്ളവരില്‍ മികച്ച ഫലപ്രാപ്തി ഉണ്ടാക്കുന്നതായി കണ്ടെത്തി. കൂടാതെ തെറാപ്പി ചെയ്തു ഒരു വര്‍ഷത്തിന് ശേഷം അവരുടെ മാനസികാവസ്ഥ, ജീവിത നിലവാരം, ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള കഴിവ് എന്നിവ ഗണ്യമായി മെച്ചപ്പെട്ടുവെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ അവയവ വ്യവസ്ഥകളുമായും മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള തലച്ചോറിലെ വിവിധ ഭാഗങ്ങളുമായും ബന്ധമുള്ള വാഗസ് നാഡിയുടെ ഉത്തേജനം വ്യക്തികളില്‍ വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍ കടുത്ത വിഷാദരോഗ ബാധിതരും മരുന്നുകളിലൂടെയും മറ്റ് സമീപനങ്ങളിലൂടെയും വിഷാദരോഗത്തെ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയാത്തവരുമായ 500 പേരാണ് പഠനത്തിന്റെ ഭാഗമായത്. പേസ് മേക്കറിന് സമാനമായ ഉപകരണം അവരില്‍ ഘടിപ്പിച്ചുകൊണ്ട് വാഗസ് നാഡിയെ ഉത്തേജിപ്പിച്ചു. ഇതിന് പിന്നാലെ വൈദ്യുതി സ്പന്ദനങ്ങള്‍ മാനസികാവസ്ഥ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളിലേക്ക് അയച്ചു. 12 മാസത്തെ ട്രയല്‍ കാലഘട്ടത്തില്‍ ഓരോ മൂന്ന് മാസത്തിനിടയിലും ഇവരുടെ ജീവിത നിലവാരവും ദൈംദിന ജീവിത ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള കഴിവും വിഷാദ ലക്ഷണങ്ങളും വിലയിരുത്തി. പരീക്ഷണത്തില്‍ പങ്കെടുത്ത വലിയൊരു വിഭാഗത്തിനും വിഷാദലക്ഷണങ്ങള്‍ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. ചിലര്‍ രോഗമുക്തരായെന്നും ഗവേഷകര്‍ വിശദീകരിച്ചു. എന്നാല്‍ ഫലപ്രാപ്തി എത്രത്തോളം നിലനില്‍ക്കുമെന്നും പങ്കെടുത്തവര്‍ക്ക് എത്രത്തോളം പ്രയോജനം ലഭിക്കുമെന്നും നിര്‍ണയിക്കുന്നതിന് നാല് വര്‍ഷം കൂടി നിരീക്ഷണം തുടരേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.