ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യു.പി.ഐ പേയ്മെന്റ് ആപ്പുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുമെന്നു സൂചന. നിലവില്‍ യു.പി.ഐ. പേയ്മെന്റ് ആപ്പുകള്‍ വഴി ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത പേയ്മെന്റുകള്‍ നടത്താന്‍ കഴിയും. എന്നാല്‍, ഈ സൗകര്യം ഉടന്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടപാട് പരിധി 30 ശതമാനമായി പരിമിതപ്പെടുത്തുന്നതു സംബന്ധിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ), റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തിവരികയാണ്. ഈ മാസം അവസാനത്തോടെ പരിധി ഏര്‍പ്പെടുത്തല്‍ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഡിസംബര്‍ 31 മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്നാണ് വിവരം.