യുപിഐ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഭാവിയില്‍ യുപിഐ ഒരു എടിഎം പോലെ ഉപയോഗിക്കാന്‍ കഴിയും. രാജ്യത്തുടനീളമുള്ള 20 ലക്ഷത്തിലധികം വരുന്ന ബിസിനസ് കറസ്പോണ്ടന്റുകളെ പ്രയോജനപ്പെടുത്തി യുപിഐ വഴി 10,000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് കടയില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് പോലെ ലളിതമാകും. ഉപയോക്താക്കള്‍ അവരുടെ ഇഷ്ടപ്പെട്ട യുപിഐ ആപ്പ് തുറന്ന് ഇടപാട് നടത്താന്‍ കഴിയുന്ന വിധമാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ബാങ്കിങ് കറസ്‌പോണ്ടന്റ് നല്‍കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്‌മെന്റിന് അംഗീകാരം ലഭിക്കുന്നതോടെ പണം കൈയില്‍ കിട്ടുന്ന രീതിയിലാണ് പദ്ധതി. ഉടന്‍ തന്നെ ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് തല്‍ക്ഷണം പണം ഡെബിറ്റ് ചെയ്യും. എന്നാല്‍ ബിസിനസ് കറസ്‌പോണ്ടന്റുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ യുപിഐ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അപകടസാധ്യതകള്‍ ഉണ്ടാകാമെന്ന് വ്യവസായ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.