ടി20 ലോക കപ്പില്‍ രണ്ടു ടീമുകളെ സ്പോണ്‍സര്‍ ചെയ്യുന്നത് കര്‍ണാടകയിലെ സഹകരണ ഡയറി ബ്രാന്‍ഡ് ആയ നന്ദിനി. സ്‌കോട്ലാന്‍ഡ്, അയര്‍ലാന്‍ഡ് ടീമുകളുടെ ഔദ്യോഗിക സ്പോണ്‍സര്‍ ആണ് നന്ദിനി. നന്ദിനിയെ ആഗോള ബ്രാന്‍ഡ് ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മലേഷ്യ, വിയറ്റ്നാം, സിംഗപ്പൂര്‍, യുഎസ്എ, യുഎഇ എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ നന്ദിനിക്കു സാന്നിധ്യമുണ്ട്. ലോക നിലവാരത്തിലുള്ള ഡയറി ഉത്പന്നങ്ങള്‍ ആഗോളതലത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. നന്ദിനി ബ്രാന്‍ഡ് പേര് പതിച്ച ജഴ്സിയുമായി സ്‌കോട്ട്ലാന്‍ഡ് ടീം നായകന്‍ റിച്ചി ബെറിങ്ടണ്‍ നില്‍ക്കുന്ന ചിത്രവും സിദ്ധരാമയ്യ പങ്കുവച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമാണ് നന്ദിനിയുടെ ഉത്പാദകരായ കെഎംഎഫ്. ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെയും അമേരിക്കയെയും സ്പോണസര്‍ ചെയ്യുമെന്ന് നേരത്തേ തന്നെ പ്രമുഖ പാല്‍ ഉത്പാദന ബ്രാന്‍ഡായ അമൂല്‍ പ്രഖ്യാപിച്ചിരുന്നു. ഇരുടീമുകളുടേയും ക്രിക്കറ്റ് ബോര്‍ഡുകളാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ഒന്നിനാണ് ടി20 ലോകകപ്പിന് തുടക്കമാവുക. ഇതാദ്യമായാണ് അമേരിക്ക ലോകകപ്പ് ക്രിക്കറ്റ് കളിക്കുന്നത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ്. ജൂണ്‍ ഒന്നിന് അമേരിക്കയും കാനഡയും തമ്മിലാണ് ലോകകപ്പ് ഉദ്ഘാടന മത്സരം.