ഇന്ത്യയിലെ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ജനപ്രിയനാണ് ടിവിഎസ് ഐക്യൂബ്. ഹൊസൂര്‍ ആസ്ഥാനമായുള്ള ബ്രാന്‍ഡ് ഐക്യൂബ് എസ്ടി എന്നൊരു വേരിയന്റ് ഏറെക്കാലം മുമ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ബുക്ക് ചെയ്ത് കാത്തിരുന്നവര്‍ക്ക് ഇതുവരെ വാഹനം ഡെലിവറി ചെയ്യാന്‍ ടിവിഎസിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അടുത്തിടെ വീണ്ടും വിപണിയില്‍ അവതരിപ്പിച്ച ഐക്യൂബ് എസ്ടി ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ടിവിഎസ്. ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്രയിലാണ് ഇവി ഉപഭോക്താക്കള്‍ക്ക് കൈമാറിയിരിക്കുന്നത്. ടിവിഎസ് എസ്ടി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ നിന്നും തെരഞ്ഞെടുക്കാനാവും. എന്നിരുന്നാലും രണ്ടാമത്തെ 5.1 കിലോവാട്ട്അവര്‍ യൂണിറ്റ് ഇന്ത്യയിലെ ഏത് മുഖ്യധാരാ ഇലക്ട്രിക് സ്‌കൂട്ടറിലും ഉപയോഗിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും വലിപ്പമേറിയ ബാറ്ററിയാണെന്നതാണ് ഹൈലൈറ്റ്. ചെറിയ 3.4 കിലോവാട്ട്അവര്‍ ബാറ്ററി ഘടിപ്പിച്ച ഒരു വേരിയന്റും ഐക്യൂബ് എസ്ടി യില്‍ ലഭിക്കും. ഐക്യൂബ് എസ്ടി 5.1 കിലോവാട്ട്അവര്‍ വേരിയന്റിന് 1.85 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. രണ്ട് വര്‍ഷം മുമ്പ് അവതരിപ്പിച്ച വേളയില്‍ ബുക്ക് ചെയ്തവര്‍ക്ക് 10,000 രൂപയുടെ അധിക ലോയല്‍റ്റി ബോണസ് നല്‍കുന്നതിനാല്‍ അവര്‍ക്ക് 1.75 ലക്ഷം രൂപ മാത്രം അടച്ചാല്‍ മതിയാവും.