ഓരോ വര്‍ഷവും പതിനായിരക്കണക്കിന് മലയാളികളാണ് യു.കെയിലെത്തുന്നത്. അവിടെയുള്ള മലയാളി കുടുംബങ്ങളുടെ ജീവിത കാഴ്ച്ചയിലൂടെ ഒരു ഫാമിലി ത്രില്ലര്‍ ഡ്രാമ വരുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ബിനോ അഗസ്റ്റിന് എഴുതി സംവിധാനം ചെയ്യുന്ന ‘ബിഗ് ബെന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. അനുമോഹന്‍, അതിഥി രവി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഏറെക്കുറെ മുഴുവന്‍ പങ്കും ചിത്രീകരിച്ചത് യു.കെയിലാണ്. പ്രജയ് കാമത്ത്, എല്‍ദോ തോമസ്, സിബി അരഞ്ഞാണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സജാദ് കാക്കുവാണ്. നേഴ്സായി ജോലി ചെയ്യുന്ന ലൗലിയുടെ അടുത്തേക്ക് കേരള പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ജീനും മകളും എത്തുകയാണ്. എന്നാല്‍ ജീന്‍ കാരണം ഉണ്ടാകുന്ന ചില കുഴപ്പങ്ങള്‍ അവരുടെ അവിടുത്തെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ജീന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജീന്‍ ആന്റണി എന്ന പോലീസ് കഥാപാത്രത്തെയാണ് അനു മോഹന്‍ അവതരപ്പിക്കുന്നത്. ജീനിന്റെ ഭാര്യ ലൗലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്, മിയാ ജോര്‍ജ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ബിജു സോപാനം, നിഷാ സാരംഗ്, വിജയ് ബാബു, ഷെബിന്‍ ബെന്സന്, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും നിരവധി വിദേശികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.