ഫോര്‍ച്യൂണറിനെക്കാള്‍ വലുപ്പം കുറഞ്ഞ എസ്‌യുവിയുമായി ടൊയോട്ട. നവംബറില്‍ നിര്‍മാണം ആരംഭിക്കുന്ന എസ്‌യുവി തുടക്കത്തില്‍ തായ്ലന്‍ഡിലായിരിക്കും വില്‍പനയ്ക്ക് എത്തുക. ടൊയോട്ടയുടെ മുന്‍കാല മോഡല്‍ എഫ്‌ജെ ക്രൂസറിന്റെ പേര് ഉപയോഗിച്ചായിരിക്കും പുതിയ വാഹനം എത്തുക. ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിക്കുന്ന വാഹനം ഫോര്‍ച്യൂണറിന്റെ ചെറു രൂപമായിരിക്കും എന്നാണ് കരുതുന്നത്. ഐഎംവി 0 എന്ന പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ വാഹനം എത്തുക. ഹൈലെക്‌സ്, ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ, ഹൈലക്‌സ് ചാമ്പ് തുടങ്ങിയ വാഹനങ്ങളും ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് നിര്‍മിക്കുന്നത്. ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും സമാനമായ 2750 എംഎം വീല്‍ബെയ്‌സ് പുതിയ എസ്‌യുവിക്കുണ്ടാകും. 4.5 മീറ്ററില്‍ താഴെയായിരിക്കും വാഹനത്തിന്റെ നീളം. 2.4 ലീറ്റര്‍, 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളും 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും വാഹനത്തിനുണ്ടാകും. ഇന്ത്യന്‍ വിപണിയ്ക്കായി പരിഗണിച്ചിരുന്ന സി എസ്‌യുവിയുടെ പദ്ധതി ടൊയോട്ട ഉപേക്ഷിച്ചതിനാല്‍ മിനി ഫോര്‍ച്യൂണര്‍ ഇന്ത്യയിലെത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.