പ്രധാനമന്ത്രി ജന്‍ധന്‍ യോജനയില്‍ രാജ്യത്ത് ആകെ നിക്ഷേപം രണ്ടുലക്ഷം കോടി രൂപ കടന്നു. ഒക്ടോബര്‍ 4 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് ആകെ 50.62 ലക്ഷം പേര്‍ക്കാണ് ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.05 ലക്ഷം കോടി രൂപയിലുമെത്തി. മൊത്തം ജന്‍ധന്‍ അക്കൗണ്ടുടമകളില്‍ 33.80 കോടി ആളുകള്‍ ഗ്രാമീണ, അര്‍ധ-നഗര മേഖലകളിലും 16.81 കോടി ആളുകള്‍ നഗര, മെട്രോ മേഖലകളിലുമാണ്. ജന്‍ധന്‍ അക്കൗണ്ടുടമകളില്‍ 34.36 കോടി പേര്‍ക്ക് റൂപേ ഡെബിറ്റ് കാര്‍ഡുണ്ടെന്നും പി.എം.ജെ.ഡി.വൈ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ 60.43 ലക്ഷം പേര് ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉടമകളായുണ്ട്. ഇവരുടെ സംയുക്ത നിക്ഷേപം 2,619.88 കോടി രൂപ. രാജ്യത്തെ മൊത്തം ജന്‍ധന്‍ നിക്ഷേപത്തിന്റെ 1.27 ശതമാനമാണിത്. കേരളത്തിലെ മൊത്തം ജന്‍ധന്‍ അക്കൗണ്ടുടമകളില്‍ 35.91 ലക്ഷം പേര് ഗ്രാമീണ, അര്‍ധ-നഗരമേഖലകളിലും 24.52 ലക്ഷം പേര് നഗരമേഖലകളിലുമാണ്. 32.24 ലക്ഷം പേര്‍ക്കാണ് റൂപേ ഡെബിറ്റ് കാര്‍ഡുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഉപയോക്താക്കളിലുണ്ടായ വര്‍ധന 3.5 കോടിയാണ്. മൊത്തം നിക്ഷേപം 2022-23ലെ 1.75 ലക്ഷം കോടി രൂപയില്‍ നിന്നാണ് ഈ വര്‍ഷം 30,000 കോടി രൂപ വര്‍ധിച്ച് 2.05 ലക്ഷം കോടി രൂപയിലെത്തിയത്. മൊത്തം ഉപയോക്താക്കളില്‍ 39.56 കോടി പേരും മൊത്തം നിക്ഷേപത്തില്‍ 1.59 ലക്ഷം കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണ്. ബാക്കി സ്വകാര്യ ബാങ്കുകളിലും റീജിയണ്‍ റൂറല്‍ ബാങ്കുകളിലും (ഗ്രാമീണ്‍ ബാങ്ക്), സഹകരണ ബാങ്കുകളിലുമാണ്. മൊത്തം നിക്ഷേപത്തില്‍ 5,800 കോടി രൂപ മാത്രമാണ് സ്വകാര്യ ബാങ്കുകളിലുള്ളത്. റീജിയണല്‍ റൂറല്‍ ബാങ്കുകളിലാണ് 39,790 കോടി രൂപയും.
രണ്ട് കോടി കടന്ന് ജന്‍ധന്‍ യോജനയിലെ ആകെ നിക്ഷേപം
