ചുട്ടുപൊള്ളുന്ന വേനലില്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കിട്ടിയാല്‍ കുടിക്കാത്തവരാരുണ്ട്? എന്നാല്‍ ഇത് അമിതമായി കുടിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നാരങ്ങാവെള്ളം കൂടുതല്‍ കുടിച്ചാല്‍ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാം. ദിവസവും വെറും വയറ്റില്‍ നാരങ്ങാവെള്ളം തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ദഹനത്തിന് സഹായിക്കും. എന്നിരുന്നാലും ഉദരത്തിന്റെ പാളിയെ ഇത് ദിവസം മുഴുവന്‍ അസ്വസ്ഥപ്പെടുത്തുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യും. നെഞ്ചെരിച്ചില്‍, വയറുവേദന, ഓക്കാനം വായുക്ഷോഭം ഇവയ്ക്കും കാരണമാകും. അമ്ലത വളരെ കൂടുതലായതിനാല്‍ കുടല്‍വ്രണം ഉണ്ടാകാനും കാരണമാകാം. നാരങ്ങാവെള്ളം ഡൈയൂററ്റിക് ആണ്. വൃക്കകളില്‍ കൂടുതല്‍ മൂത്രം ഉല്പാദിപ്പിക്കുന്നതിലേക്ക് ഇത് നയിക്കും. മൂത്രമൊഴിക്കുമ്പോള്‍ വെള്ളത്തോടൊപ്പം ശരീരം ഇലക്ട്രോലൈറ്റുകളെയും ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നു. ഇത് നിര്‍ജലീകരണത്തിനു കാരണമാകുന്നു. കൂടാതെ ക്ഷീണം, ചുണ്ടുകള്‍ വരളുക, അമിതദാഹം എന്നിവയ്ക്കും കാരണമാകും. ദിവസവും കൂടിയ അളവില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമാകും. അങ്ങേയറ്റം അസിഡിക് ആയതു കൊണ്ട് നാരങ്ങാവെള്ളം കൂടുതല്‍ കുടിക്കുന്നത് പല്ലിന് പുളിപ്പ് ഉണ്ടാക്കുകയും പല്ലിന്റെ ഇനാമല്‍ ദ്രവിക്കാന്‍ ഇടയാക്കുകയും ചെയ്യും. അനിയന്ത്രിതമായി നാരങ്ങ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിനു കാരണമാകും. കവിളിനുള്ളിലും നാവിനടിയിലും വ്രണങ്ങള്‍ വരാന്‍ നാരങ്ങാവെള്ളത്തിന്റെ അമിതോപയോഗം കാരണമാകും. ദിവസവും രണ്ടു ഗ്ലാസ് വരെ നാരങ്ങാവെള്ളം കുടിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. ഒരു ലിറ്റര്‍ വെള്ളത്തില്‍ നാലു കഷണം നാരങ്ങ ചേര്‍ക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ നാരങ്ങാവെള്ളം സഹായിക്കും. ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് പ്രായം, ആരോഗ്യാവസ്ഥ തുടങ്ങിയ ഘടകങ്ങളെ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.