atham

ഇന്ന് അത്തം. മുറ്റത്തും ഓഫീസുകളിലും പൂക്കളങ്ങളൊരുങ്ങി. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാഘോഷത്തിനു തുടക്കം. കോവിഡ് വ്യാപനം തടയാനുള്ള അടച്ചിടലുകള്‍മൂലം രണ്ടു വര്‍ഷമായി മുടങ്ങിപ്പോയ ഓണാഘോഷമാണ് ഇന്നാരംഭിക്കുന്നത്. അത്തച്ചമയ ഘോഷയാത്രയും വള്ളംകളികളും തിരുവാതിരക്കളിയും പുലിക്കളിയും കലാസാംസ്‌കാരിക പരിപാടികളുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഓണക്കോടി വാങ്ങിയും ഓണവിഭവങ്ങള്‍ സമ്മാനിച്ചും ഉല്‍സാഹത്തിമിര്‍പ്പിലാണ് മലയാളികള്‍.

ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണു തീരുമാനം. വിവര ശേഖരണത്തിന് ഉപഗ്രഹ സര്‍വേ നടത്തുന്നതിനു പുറമേയാണ് നേരിട്ടുള്ള പരിശോധന. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനം നിര്‍ത്തിയെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകും. പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം തന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടെ സ്ഥിതി എന്താണെന്ന് കോടതി സര്‍ക്കാരിനോടു ചോദിച്ചിട്ടുണ്ട്.

കനത്ത മഴമൂലം പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപ ഉത്സവബത്ത നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 5.21 ലക്ഷം പേര്‍ക്ക് ഉത്സവബത്ത ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

‘ആസാദി കാഷ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി ജലീലില്‍ എംഎല്‍എയ്ക്കെതിരെയുള്ള പരാതിയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി ഡല്‍ഹി പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ചൊവ്വാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജലീലിനെതിരെയുള്ള പരാതി അന്വേഷിക്കാന്‍ ഡല്‍ഹി പൊലീസ് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു.

വിഴിഞ്ഞം തുറമുഖത്ത്  സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡീഷ്യസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നിരാഹാര സമരം ജില്ലാകളക്ടറും കമ്മീഷണറുമായുള്ള അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചു. ഇന്നലെ ഗേറ്റിനു മുന്നിലിരുന്ന് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ക്കു കൊണ്ടുവന്ന ഭക്ഷണം പൊലീസ് തിരിച്ചയച്ചതോടെയാണ് നിരാഹാര സമരം തുടങ്ങിയത്. ഇതേസമയം, തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാവില്ലെന്നും തടസമുണ്ടാക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ വാട്സ് ആപ്പ്  ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസില്‍ പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് ഇന്നു ചോദ്യം ചെയ്യും. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണു നോട്ടീസ് നല്‍കിയിട്ടുള്ളത്. കേസില്‍ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ കേരള പൊലീസിന് ആല്‍കോ സ്‌കാന്‍ വാന്‍. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും ഉണ്ടാകുമെന്ന് കേരള പോലീസ് അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *