ഇന്ന് ഒക്ടോബര്‍ 29, ലോക പക്ഷാഘാത ദിനം. ഓരോ വര്‍ഷവും ലോകമെമ്പാടുമുള്ള ഒന്നരക്കോടി ആളുകള്‍ക്ക് സ്‌ട്രോക്ക് സംഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 50 ലക്ഷത്തോളം പേര്‍ മരിക്കുകയും 50 ലക്ഷത്തോളം പേര്‍ക്ക് സ്ഥിരമായ അംഗവൈകല്യമുണ്ടാകുകയും ചെയ്യുന്നു. മസ്തിഷ്‌കത്തിലേക്കുള്ള രക്ത വിതരണം പെട്ടെന്ന് തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. രക്തം കട്ടപിടിച്ച് രക്തധമനി അടയുന്നതിന്റെയോ രക്തക്കുഴല്‍ പൊട്ടിത്തെറിക്കുന്നതിന്റെയോ ഫലമായി ഇത് സംഭവിക്കാം. രണ്ട് സാഹചര്യങ്ങളിലും തലച്ചോറിലേക്കുള്ള ഓക്‌സിജനും പോഷകാഹാര വിതരണവും തകരാറിലാകുന്നു. ഇത് മസ്തിഷ്‌ക കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയോ മരണത്തിലേക്ക് നയിക്കുകയോ ചെയ്യുന്നു. സ്വതന്ത്രമായി ചലിക്കാനുള്ള കഴിവുകളുടെ നഷ്ടം, ചിന്തിക്കാനും പ്രതികരിക്കാനുമുള്ള കഴിവ് നഷ്ടമാകുക എന്നിവയാണ് സ്‌ട്രോക്കിനു ശേഷം രോഗിക്ക് അനുഭവിക്കേണ്ടി വരിക. ദ്രുതഗതിയില്‍ അപകടമുണ്ടാക്കാവുന്നതായതുകൊണ്ട് സ്‌ട്രോക്കുകള്‍ വളരെ അടിയന്തരമായി ചികിത്സിക്കണം. സ്‌ട്രോക്ക് സംഭവിക്കുമ്പോള്‍, വിവിധ അവയവങ്ങളിലേക്കു സന്ദേശങ്ങള്‍ കൈമാറുന്ന തലച്ചോറിലെ ന്യൂറോണുകള്‍ മരിക്കാന്‍ തുടങ്ങുന്നു. സ്‌ട്രോക്ക് ചികിത്സിക്കാതെ പോകുന്ന ഓരോ മിനിറ്റിലും ശരാശരി വ്യക്തിക്ക് 1.9 ദശലക്ഷം ന്യൂറോണുകള്‍ നഷ്ടപ്പെടുന്നു എന്നാണ് പഠനഫലം. ചലനശേഷിയെ ബാധിക്കുന്നത് സ്‌ട്രോക്കിന്റെ ദൈര്‍ഘ്യമനുസരിച്ചാണ്. സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുകയും തലകറക്കം അനുഭവപ്പെടുകയും ചെയ്യുക. കാഴ്ചയ്ക്ക് പെട്ടെന്ന് മങ്ങല്‍ അനുഭവപ്പെടുക. ഇരട്ടയായി കാണുക.. മുഖം ഒരുവശത്തേക്ക് കോടിപ്പോകുക. കൈകളില്‍ ബലഹീനതയോ മരവിപ്പോ ഉണ്ടാകുക, രണ്ട് കൈകളും തുല്യമായി ഉയര്‍ത്താന്‍ കഴിയാതിരിക്കുക. ശരിക്കു സംസാരിക്കാന്‍ കഴിയാതെ പോകുക, നാവ് കുഴയുക. കഠിനമായ തലവേദന അനുഭവപ്പെടുക. മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളുണ്ടായാല്‍ അടിയന്തരമായി വൈദ്യ സഹായം തേടണം.