തണുപ്പ് കൂടുന്നത് ശരീരത്തില്‍ വളരെ പെട്ടെന്ന് കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ കൂടാനും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കാനും കാരണമായേക്കും. തണുപ്പ് കാലത്ത് കൊളസ്ട്രോള്‍ വരുതിയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. മഞ്ഞുകാലമായാല്‍ സൂര്യപ്രകാശമേല്‍ക്കാനുള്ള സാധ്യത കുറവാണ്. ഇത് വൈറ്റമിന്‍ ഡിയുടെ അഭാവത്തിലേക്ക് നയിക്കും. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. സാല്‍മണ്‍, അയല, ട്യൂണ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം ഏല്ക്കുന്ന കോഴികളില്‍ നിന്നുള്ള മുട്ടകളും വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമാണ്. ഫോര്‍ട്ടിഫൈഡ് പാല്, ഓറഞ്ച് ജ്യൂസ്, ചീസ്, തൈര് തുടങ്ങിയവയിലും ചെറിയ അളവില്‍ വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന മറ്റൊരു പ്രധാന ഘടകമാണ് ഉറക്കം. ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇത് മാനസികാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടാന്‍ സഹായിക്കും. നിത്യവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. വിട്ടുമാറാത്ത സമ്മര്‍ദം കൊളസ്ട്രോള്‍ നിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കാം. സമ്മര്‍ദം കുറയ്ക്കുന്നതിന് മെഡിറ്റേഷന്‍, വ്യായാമം തുടങ്ങിയവ ശീലിക്കുന്നത് നല്ലതാണ്. സമ്മര്‍ദം കൂടുന്നത് ശരീരത്തില്‍ വീക്കം ഉണ്ടാകാനും ഇത് ഹൃദ്രോഗ സാധ്യതയും വര്‍ധിപ്പിക്കും. ശൈത്യകാലത്ത് പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ നിന്നും ഒഴിവാക്കരുത്. സിട്രസ് പഴങ്ങള്‍, ഇലക്കറികള്‍, കാബേജ്, ബ്രൊക്കോളി, കാരറ്റ്, ബീന്‍സ്, ഉരുളകിഴങ്ങ് എന്നിങ്ങനെ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ പച്ചക്കറികളും ആപ്പിള്‍, പിയര്‍, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളും കഴിക്കണം. ഇത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ പ്രധാനമാണ്. ഓട്സ്, ക്വിനോവ, ബാര്‍ലി, ബ്രൗണ്‍ റൈസ് പോലുള്ള മുഴുവന്‍ ധാന്യങ്ങള്‍ ശീലമാക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
തണുപ്പ് കാലത്ത് കൊളസ്ട്രോള്‍ വരുതിയിലാക്കാന്‍
