ഓണ്‍ലൈന്‍ പേയ്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് യുപിഐ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് വ്യക്തികള്‍ക്കിടയില്‍ ആദ്യമായി നടക്കുന്ന ഇടപാടില്‍ സമയപരിധി ഏര്‍പ്പെടുത്താനാണ് നീക്കം. രണ്ടുപേര്‍ തമ്മിലുള്ള ആദ്യ യുപിഐ ഇടപാട് പൂര്‍ത്തിയാക്കാന്‍ നാല് മണിക്കൂറിന്റെ സമയപരിധി കൊണ്ടുവരാനാണ് നീക്കം. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കാലതാമസം വരുത്തുമെങ്കിലും സൈബര്‍ സെക്യൂരിറ്റി ഉറപ്പാക്കാന്‍ ഈ നീക്കം അത്യാവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അധികം വൈകാതെ തന്നെ നിയന്ത്രണം നടപ്പാക്കുകയാണെങ്കില്‍, ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്, യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് എന്നിവയെ ബാധിക്കും. നിലവില്‍ പരസ്പരം യു.പി.ഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമാകില്ല. പുതിയതായി ഇടപാട് നടത്തുന്ന അക്കൗണ്ടുകള്‍ തമ്മിലാണ് ഈ നാല് മണിക്കൂര്‍ സമപരിധി ബാധകമാകുക. അതേസമയം, കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങല്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം സമയപരിധി നല്‍കുന്നത്.