ഏറെ പ്രതീക്ഷകളുമായാണ് കമല്‍ ഹാസനും മണിരത്നവും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ‘തഗ് ലൈഫ്’ തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ സിനിമയ്ക്ക് തിയേറ്ററുകളില്‍ നിന്നും പ്രതീക്ഷിച്ച അത്ര പ്രതികരണം ലഭിച്ചില്ല. ബോക്സ് ഓഫീസിലും സിനിമ വലിയ രീതിയില്‍ ഉയര്‍ന്നില്ല. ഇപ്പോഴിതാ പറഞ്ഞതിലും നേരത്തെ ഒടിടിയില്‍ എത്താന്‍ ഒരുങ്ങുകയാണ് ചിത്രം. പറഞ്ഞ സമയത്തിനും മുന്‍പേയുള്ള റിലീസിനെത്തുടര്‍ന്ന് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് തുക വെട്ടികുറച്ചെന്നാണ് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ 130 കോടിക്കായിരുന്നു സിനിമയുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സിന് വിറ്റത്. എന്നാല്‍ ഇപ്പോള്‍ അത് 110 കോടിയായി കുറച്ചെന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്തില്‍ നാഷണല്‍ മള്‍ട്ടിപ്ലെക്സ് ചെയിനുകള്‍ തഗ് ലൈഫ് നിര്‍മാതാക്കള്‍ക്ക് ഫൈനും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നോര്‍ത്തില്‍ തമിഴ് ചിത്രങ്ങള്‍ മള്‍ട്ടിപ്ലെക്സുകളില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ തിയേറ്റര്‍ റിലീസും ഒടിടി സ്ട്രീമിങ്ങിനുമിടയില് കുറഞ്ഞത് എട്ട് ആഴ്ചത്തെ ഇടവേളയെങ്കിലും വേണം. ഇതോടെ 25 ലക്ഷത്തിന്റെ ഫൈന്‍ ആണ് തഗ് ലൈഫിന് ലഭിച്ചിരിക്കുന്നത്.