ദിവസവും ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍, പ്രായമോ മറ്റ് ഘടകങ്ങളോ പരിഗണിക്കാതെ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് എപ്പിഡെമിയോളജിക്കല്‍ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉറക്കവും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിട്ടുമാറാത്ത ഉറക്കമില്ലായ്മ, ഉറക്കനഷ്ടം, അല്ലെങ്കില്‍ അസ്വസ്ഥമായ ഉറക്കം എന്നിവ ന്യൂറോ ഹോര്‍മോണ്‍ അസ്വസ്ഥതയ്ക്ക് കാരണമാകാം. ഇത് ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന ക്രമഹരിത ഹൃദയമിടിപ്പ് ഉണ്ടാകാനും ആര്‍റിത്മിയ എന്ന അവസ്ഥയിലേക്ക് നയിക്കാനും കാരണമാകുന്നു. ഉപ്പ് അല്ലെങ്കില്‍ മാനസിക സമ്മര്‍ദം മാത്രമല്ല ഉയര്‍ന്നരക്തസമ്മര്‍ദത്തിലേക്ക് നയിക്കുക. ഉറക്കം ഒരു പ്രധാനഘടകമാണ്. ഉറക്കവും രക്തസമ്മര്‍ദവും ശരീരത്തിന്റെ ഹോര്‍മോണ്‍ സംവിധാനത്താല്‍, പ്രത്യേകിച്ച് കോര്‍ട്ടിസോളിന്റെയും അഡ്രിനെര്‍ജിക് സിസ്റ്റത്തിന്റെയും നിയന്ത്രണത്തിലാണ്. ശരീരത്തിന്റെ സ്വാഭാവികമായ താളം അസ്വസ്ഥമാകുമ്പോള്‍, ഉറക്ക രീതികള്‍ അസ്വസ്ഥമാകും. ഇത് തുടര്‍ച്ചയായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം, ഇത് മറ്റ് അവയവങ്ങളെ സാവധാനം നശിപ്പിക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള മെറ്റബോളിസത്തെ ബാധിക്കുകയും ചെയ്യും. ഉറക്കത്തിനിടയില്‍ ഒട്ടേറെ തവണ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്നും ഇത് അറിയപ്പെടുന്നു. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ ഉണ്ടാകുന്ന നെഗറ്റീവ് പ്രഷറിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശ്വാസനാളത്തിലെ പേശികള്‍ക്കു കഴിയാതെ വരുമ്പോള്‍ ശ്വാസനാളം അടഞ്ഞു പോകുന്നതു കൊണ്ടാണ് സ്ലീപ് അപ്നിയ ഉണ്ടാകുന്നത്. ഇത് ന്യൂറോ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുകയും രക്തസമ്മര്‍ദം സ്ഥിരമായ വര്‍ധനവിന് കാരണമാകുകയും ചെയ്യുന്നു.