ഇരുപത്തേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിൽ ഇറാനിയന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി ഉയര്‍ത്തിക്കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി ഇറാനിലെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നല്‍കിയത്.
മുഹമ്മദിക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങിയത് അതീന റേച്ചൽ സംഗാരിയായിരുന്നു. ആമുടിയിഴകൾ കയ്യിലേന്തി സംഗാരി ശക്തമായൊരു സന്ദേശം വായിച്ചു.
“ഇത് എന്റെ കഷ്ടപ്പാടുകൾ കാണിക്കാൻ വെട്ടിയ മുടിയാണ്. ഇത് എന്റെ കഷ്ടപ്പാടുകളുടെ അവസാനമാണെന്ന് കരുതുന്നു. എഴുന്നേറ്റ് മുന്നേറൂ, നിരവധി ആളുകൾ കൊല്ലപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അനീതികൾക്കെതിരെയും നിരവധി വധശിക്ഷകൾക്കെതിരെയും പ്രതിഷേധിച്ചതിന് 23 കാരനായ മോഷൻ ഷാകാരി ഇന്നലെ വധിക്കപ്പെട്ടു. ഈ ദിവസം നമുക്കെല്ലാവർക്കും നമ്മുടെ സ്വാഭാവികാവകാശങ്ങൾ വീണ്ടെടുക്കാൻ ഐക്യദാർഢ്യം ആവശ്യമുള്ളതിനാലാണ് ഞാൻ ഇത് നിങ്ങൾക്ക് അയക്കുന്നത്. സ്ത്രീകൾ ജീവിതം സ്വാതന്ത്ര്യം. “.
ഇറാനിയൻ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന ചലച്ചിത്രകാരിയായ മഹ്‌നാസ് മുഹമ്മദിന് ഇറാൻ ഭരണകൂടം യാത്രാവിലക്കേർപ്പെടുത്തിയിരിക്കുകയാണ് .ബ്രിട്ടനിൽ അഭയം തേടിയ അവർക്ക് വിസാപ്രശ്നങ്ങളാൽ പുരസ്കാരം സ്വീകരിക്കാൻ എത്താൻ കഴിഞ്ഞില്ല.അതിനാലാണ് ജൂറിയംഗവും ഗ്രീക്ക് ചലച്ചിത്രകാരിയുമായ അതീനാ റേച്ചൽ പുരസ്കാരം സ്വീകരിച്ചത് .