നെഞ്ചുവേദന, ശ്വാസതടസ്സം ഇവയ്ക്കു പുറമെ ഹൃദ്രോഗത്തിന്റെ സൂചനകള്‍ നല്കുന്ന അഞ്ച് ലക്ഷണങ്ങള്‍ ചര്‍മത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചര്‍മത്തില്‍ പ്രകടമാകുന്ന വളരെ സാധാരണമായ ഹൃദ്രോഗലക്ഷണങ്ങളിലൊന്നാണ് വീക്കം. പ്രത്യേകിച്ച് കാല്പാദങ്ങള്, ഉപ്പൂറ്റി, മുട്ടിനു താഴെയുള്ള ഭാഗം എന്നിവിടങ്ങളിലുണ്ടാകുന്ന വീക്കവും നീരും. കൈവിരലുകളിലും കാല്‍വിരലുകളിലും നീലയോ പര്‍പ്പിളോ നിറം കാണുകയും കൈകള്‍ ചൂടാക്കിയശേഷവും ഈ നിറം തുടരുകയും ആണെങ്കില്‍ രക്തത്തില്‍ ആവശ്യത്തിന് ഓക്സിജന്‍ ഇല്ല എന്നര്‍ഥം. ഈ അവസ്ഥയില്‍ ഹൃദയത്തിന് പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാവും. കണ്ണിന്റെ മൂലയ്ക്ക്, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, കാലിന്റെ പുറകില്‍ ഒക്കെ മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള ചെറു മുഴകള്‍ കാണാറുണ്ട്. ഇവ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കൂടുതലാകുന്നതു മൂലം കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ്. കാലുകളില്‍ നീല നിറത്തിലോ പര്‍പ്പിള്‍ നിറത്തിലോ വലപോലെ കാണപ്പെടുന്നത് കൊളസ്ട്രോള്‍ എംബൊലൈസേഷന്‍ സിന്‍ഡ്രോമിന്റെ സൂചനയാണ്. കൊളസ്ട്രോള്‍ ക്രിസ്റ്റലുകള്‍ കാരണം ചെറിയ ഹൃദയധമനികളില്‍ തടസ്സമുണ്ടാകുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കൈവിരലുകളിലും കാല്‍വിരലുകളിലും അറ്റത്ത് വീക്കം ഉണ്ടായി ബള്‍ബ് പോലെ ഉരുണ്ടോ താഴേക്ക് വളഞ്ഞോ കാണപ്പെടാം. ഈ മാറ്റം രക്തത്തില്‍ ഓക്സിജന്‍ കുറയുന്നതു മൂലമാണുണ്ടാകുന്നത്. ഇത് ശ്വാസകോശരോഗമായോ ഹൃദ്രോഗവുമായോ ബന്ധപ്പെട്ടിരിക്കുന്നു. നഖത്തിനടിയില്‍ ചുവപ്പോ പര്‍പ്പിളോ നിറത്തിലുള്ള വരകള്‍ കാണപ്പെട്ടാല്‍ അത് ചെറിയ രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിച്ചു എന്നതിന്റെ സൂചനയാണ്. ഈ വരകള്‍ ഗുരുതരമായ ഹൃദയ അണുബാധയായ ഇന്‍ഫക്ടീവ് എന്‍ഡോകാര്‍ഡൈറ്റിസിന്റെ ലക്ഷണമാണ്. ചുവപ്പോ പര്‍പ്പിളോ നിറത്തില്‍ കാല്‍പാദങ്ങളിലോ കൈവിരലുകളിലോ വേദന നിറഞ്ഞ മുഴകള്‍ ഉണ്ടാവുകയാണെങ്കില്‍ അതിനെ ഓസ്റ്റര്‍ നോഡ്സ് എന്നാണ് പറയുക. ഇത് ഹൃദയത്തിലെ അണുബാധയുടേയോ ഹൃദയപ്രശ്നങ്ങളുടെയോ സൂചനയാണ്.
ചര്‍മത്തിലെ ഈ ലക്ഷണങ്ങള്‍ ഹൃദ്രോഗ സൂചനയാകാം
