കോവിഡ് ബാധയെ തുടര്‍ന്ന് ആഗോളതലത്തില്‍ ആഴ്ച തോറും 1,700 വരെ ആളുകള്‍ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. റിസ്‌ക്-കാറ്റഗറിയില്‍ വരുന്ന ആളുകള്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് തുടരണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കി. കോവിഡ്-19 മൂലം ആഴ്ച തോറും 1700 വരെ ജനങ്ങള്‍ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും അപകടസാധ്യതയുള്ള രണ്ട് വിഭാഗങ്ങളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമിടയിലെ വാക്‌സിന്‍ കവറേജ് കുറഞ്ഞതായി ഡാറ്റകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുവിഭാഗത്തിലുള്ളവരും തങ്ങളുടെ അവസാന ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ശുപാര്‍ശ ചെയ്യുന്നു. 2019-ന്റെ അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ലോകത്തെ മുഴുവന്‍ ഭീതിയിലാക്കിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഏഴ് ദശലക്ഷത്തോളം ജനങ്ങളാണ് കോവിഡ് ബാധിച്ച് ആഗോളതലത്തില്‍ മരിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസ് നിരീക്ഷണം നിലനിര്‍ത്താനും പരിശോധനകള്‍, ജനങ്ങള്‍ക്ക് ചികിത്സകള്‍, പ്രതിരോധകുത്തിവെപ്പ് എന്നിവ ഉറപ്പാക്കാനും ലോകാരോഗ്യ സംഘടന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.