ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ മനീഷ് സിസോദിയയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിചാരണ ചെയ്യാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണർ അനുമതി നല്‍കിയതിന് പിന്നാലെയാണ് സിബിഐ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടി തേടിയത്.2015 ല്‍ ദില്ലിയിൽ അധികാരത്തിലെത്തിയതിന് ശേഷം ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ നേട്ടത്തിനായി രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു ഫീഡ്ബാക്ക് യൂണിറ്റ് രൂപവത്കരിച്ചുവെന്ന റിപ്പോര്‍ട്ടിലാണ് സിബിഐ അന്വേഷണം. മനീഷ് സിസോദിയ ആയിരുന്നു ഈ യൂണിറ്റിന് നേതൃത്വം നല്‍കിയിരുന്നത് എന്നാണ് ആരോപണം. മാത്രമല്ല രാഷ്ട്രീയ എതിരാളികളുടെ ഫോണുകൾ ഇവർ വഴി ചോർത്തിയെന്നും സിബിഐ ആരോപിക്കുന്നു.സിസോദിയ വിജിലൻസ് മേധാവിയായിരിക്കെയാണ് ദില്ലി എഎപി സർക്കാർ രഹസ്യ ഫീഡ്ബാക്ക് യൂണിറ്റ് സ്ഥാപിക്കുന്നത്. സെപ്റ്റംബറിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്, 2016 ഫെബ്രുവരി 1 മുതൽ സംഘം പ്രവർത്തനം തുടങ്ങി.