നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത തെളിയിക്കാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റെ തന്നെയാണോ എന്നും മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ വ്യക്തമാകും. കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് മഞ്ജുവിന് നോട്ടീസ് നൽകിയിരുന്നെങ്കിലും കേസിൽ മഞ്ജു വാര്യർ അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതിനാൽ വിസ്താരം നീട്ടുകയായിരുന്നു.
എന്നാൽ കേസിൽ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് അതിജീവിതയുടെ അഭിഭാഷകൻ കോടതിയിൽ നിലപാട് എടുത്തതിനാൽ ഇത് അംഗീകരിച്ചാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്. മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.