ഇന്ദ്രന്‍സിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കനകരാജ്യ’ത്തിന്റെ ടീസര്‍ എത്തി. ഇന്ദ്രന്‍സിന്റെയും മുരളി ഗോപിയുടെയും ഹൃദയസ്പര്‍ശിയായ സംഭാഷണമാണ് ടീസറിലുള്ളത്. മുരളി ഗോപിയുടെ ഭാര്യയായി ലിയോണ ലിഷോയിയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നു. റിയലിസ്റ്റിക് ഫീല്‍ ഗുഡ് ചിത്രമായിരിക്കും കനകരാജ്യമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘വീകം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കനകരാജ്യം. സാഗറിന്റെ തന്നെയാണ് തിരക്കഥയും. അരുണ്‍ മുരളീധരന്റേതാണ് സംഗീതം. അഭിലാഷ് ഷങ്കര്‍ ക്യാമറയും അജീഷ് ആനന്ദ് എഡിറ്റും നിര്‍വഹിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പതിവു വാണിജ്യ ചേരുവകള്‍ പൂര്‍ണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂലൈ 5ന് ചിത്രം തിയറ്ററുകളിലെത്തും.