സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യത്തിൽ ഇടപെടാതെ സുപ്രീം കോടതി. ഇക്കാര്യത്തിൽ ഉത്തരവിറക്കാനില്ലെന്ന് ജസ്റ്റിസ് റിഷികേശ് റോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നാളെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന ആലഞ്ചേരിയുടെ ആവശ്യത്തിലാണ് കോടതി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത്.
സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് കർദിനാൾ മാർ ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പടെ ജനുവരി രണ്ടാംവാരം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.