Untitled 1 3

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ‘ഒരു തെക്കന്‍ തല്ല് കേസി’ലെ പാട്ടെത്തി. ‘പാതിരയില്‍ തിരുവാതിര പോലെ ‘ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ശ്രീദേവി തെക്കേടത്ത് ആണ്. ടൊവിനോ തോമസ് ആണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഗാനം റിലീസ് ചെയ്തത്. റോഷന്‍ മാത്യുവും നിമിഷ സജയനും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പത്മപ്രിയ ആണ് നായിക.

പുരി ജഗന്നാഥിന്റെ സംവിധാനത്തില്‍ വിജയ് ദേവരക്കൊണ്ടയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ലൈഗര്‍’. ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം പരാജയമായതിന്റെ പശ്ചാത്തലത്തില്‍ നിര്‍മാതാക്കള്‍ക്ക് ആറ് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിജയ് ദേവരക്കൊണ്ട മുന്നോട്ടുവന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തനിക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്നുമാണ് 6 കോടി രൂപ നിര്‍മാതാക്കള്‍ക്ക് കൊടുക്കാന്‍ വിജയ് ദേവരക്കൊണ്ട തയ്യാറായിരിക്കുന്നത്. നിര്‍മാതാവ് ചാര്‍മി കൗറിനും മറ്റ് സഹനിര്‍മ്മാതാക്കള്‍ക്കും ആയിട്ടാണ് തുക കൈമാറുക. ബോക്സ് ഓഫീസ് പരാജയം മൂലം നഷ്ടം നേരിട്ട വിതരണക്കാര്‍ക്ക് സംവിധായകന്‍ പുരി ജഗന്നാഥ് നഷ്ടപരിഹാരം നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ദ്ധിച്ചു. ശനിയാഴ്ച 200 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ശനിയാഴ്ച 25 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3865 രൂപയാണ്.

ഇന്ത്യയുടെ വാണിജ്യാധിഷ്ഠിത കയറ്റുമതി കഴിഞ്ഞമാസം 1.15 ശതമാനം കുറഞ്ഞ് 3,300 കോടി ഡോളറും ഇറക്കുമതിച്ചെലവ് 37 ശതമാനം വര്‍ദ്ധിച്ച് 6,168 കോടി ഡോളറുമായതോടെ ഇവ തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 2,868 കോടി ഡോളറായി കുതിച്ചുയര്‍ന്നു. 2021 ആഗസ്റ്റില്‍ വ്യാപാരക്കമ്മി 1,171 കോടി ഡോളറായിരുന്നു. ജൂലായിലെ 3,627 കോടി ഡോളറിനേക്കാള്‍ 9 ശതമാനവും കുറവാണ് കഴിഞ്ഞമാസത്തെ കയറ്റുമതി. നടപ്പുവര്‍ഷം ഏപ്രില്‍-ആഗസ്റ്റില്‍ കയറ്റുമതി വരുമാനം 17.12 ശതമാനം ഉയര്‍ന്ന് 19,259 കോടി ഡോളറായി. ഏപ്രില്‍-ആഗസ്റ്റില്‍ ഇറക്കുമതിച്ചെലവ് 45.64 ശതമാനം വര്‍ദ്ധിച്ച് 31,781 കോടി ഡോളറുമായി. ഏപ്രില്‍-ആഗസ്റ്റിലെ വ്യാപാരക്കമ്മി 5,378 കോടി ഡോളറില്‍ നിന്നുയര്‍ന്ന് 12,522 കോടി ഡോളറിലെത്തി.

ഇന്ത്യന്‍ വിപണിയില്‍ കിയയ്ക്ക് വലിയ കരുത്ത് സമ്മാനിച്ച സോണറ്റിന്റെ ടോപ്പ് മോഡലായി ‘എക്സ് ലൈന്‍’ പതിപ്പ് വിപണിയിലെത്തി. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണുള്ളത്; ഒപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും. മാറ്റ് ഗ്രാഫൈറ്റ് കളര്‍ തീമിലാണ് ഈ സ്മാര്‍ട്ട് അര്‍ബന്‍ കോംപാക്റ്റ് എസ്.യു.വിയുടെ പുറംമോടി. സീറ്റുകള്‍ക്ക് ഗ്രേ-ബീജ് നിറഭേദങ്ങള്‍ നല്‍കിയിരിക്കുന്നു. ഡാഷ്‌ബോര്‍ഡ് കറുപ്പഴകാല്‍ ആകര്‍ഷകം. ബോസ് 7-സ്പീക്കര്‍ സിസ്റ്റം, 10.25 അത്യാധുനിക ടച്ച്‌സ്‌ക്രീന്‍, ലെതര്‍ സ്‌പോര്‍ട്സ് സീറ്റില്‍ ഓറഞ്ച് സ്റ്റിച്ചിംഗും എക്സ്ലൈന്‍ ലോഗോയും, എല്‍.ഇ.ഡി മൂഡ് ലൈറ്റിംഗ്, 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടെ മികച്ച സുരക്ഷാ ഫീച്ചറുകള്‍ എന്നിങ്ങനെയും ആകര്‍ഷണങ്ങള്‍ നിരവധി. പെട്രോള്‍ പതിപ്പിന് 13.39 ലക്ഷം രൂപയും ഡീസലിന് 13.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

തന്റെ ജീവിതകാലത്ത് നടന്ന സംഭവങ്ങളെ പുനരാവിഷ്‌കരിക്കുന്നതിലൂടെ എച്മുക്കുട്ടി സാധാരണപൗരന്റെ ചിന്തകളെ രേഖപ്പെടുത്തുന്നു. തൃശ്ശൂരിന്റെ തെക്കന്‍ഭാഗമായ തൃക്കൂരുള്‍പ്പെടുന്ന പ്രദേശത്തെ സാധാരണക്കാരുടെ ഭാഷയില്‍ എഴുതപ്പെട്ട നോവല്‍. എച്മുക്കുട്ടിയുടെ പുതിയ രചന. ‘ചൊക്‌ളി’. മാതൃഭൂമി ബുക്‌സ്. വില 285 രൂപ.

ഭക്ഷണത്തിനും സൗന്ദര്യത്തിനും ഒൗഷധത്തിനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞള്‍. മിക്ക ഭക്ഷണത്തിനും നിറവും രുചിയും കിട്ടാന്‍ മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മഞ്ഞള്‍ അമിതമായി കഴിക്കുന്നത് വൃക്കകള്‍ക്ക് നല്ലതല്ല. മഞ്ഞളിന്റെ പ്രധാന ഗുണങ്ങള്‍ക്ക് എല്ലാം കാരണം അതില്‍ അടങ്ങിരിക്കുന്ന കുര്‍ക്കുമിന്‍ ആണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധ അകറ്റി നിര്‍ത്തുന്നതിനും മഞ്ഞളിന് കഴിയു. കുര്‍ക്കുമിന്‍ കൂടാതെ ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി, കാല്‍സ്യം, ഫ്ളവനോയിഡുകള്‍, ഫൈബര്‍, അയണ്‍, നിയാസിന്‍, പൊട്ടാസ്യം, സിങ്ക് ഇങ്ങനെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ മഞ്ഞളില്‍ ഉണ്ട്. എന്നാലും ആന്റിഓക്‌സിഡന്റ് അടങ്ങിയ മഞ്ഞളിന്റെ അമിത ഉപയോഗം ശരീരത്തിലെ വൃക്കകളുടെയും കരളിന്റെയും ആരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. മഞ്ഞളിലെ കുര്‍ക്കുമിനില്‍ അടങ്ങിരിക്കുന്ന ഉയര്‍ന്ന അളവിലെ ഓക്‌സലേറ്റുകള്‍ വൃക്കയില്‍ കല്ലുകള്‍ ഉണ്ടാക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും അവയവത്തിലെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കുര്‍ക്കുമിന്‍ ചൂടുള്ള ഘടകമാണ് . അത് പലപ്പോഴും വയറിളക്കം, ദഹനക്കേട് എന്നിവയിലേക്ക് നയിക്കുന്നു. കൂടാതെ മഞ്ഞള്‍ അമിതമായി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നതിന് ഇടയാക്കുന്നു. മഞ്ഞളിലെ കുര്‍ക്കുമിന്റെ സാന്നിധ്യം കരള്‍ വീക്കം കുറയ്ക്കുന്നതിനും ഫൈബ്രോയിഡുകളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നതിനും സഹായിക്കുന്നു. പക്ഷേ ഈ ഗുണങ്ങളെല്ലാം മിതമായ അളവില്‍ കഴിക്കുമ്പോലാണ് ലഭിക്കുന്നത്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച കരളിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പഠനമനുസരിച്ച് മഞ്ഞള്‍ ക്ഷണികമായ സെറം എന്‍സൈം എലവേഷനുകളുടെ കുറഞ്ഞ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. ആരോഗ്യ വിദഗ്ദര്‍ പറയുന്നത് മഞ്ഞള്‍ ഭക്ഷണത്തില്‍ പ്രതിദിനം 2000 മില്ലിഗ്രാമില്‍ കൂടരുത് എന്നാണ്. 500 എംജിയാണ് ആരോഗ്യകരമായ മഞ്ഞളിന്റെ ഉപഭോഗം. മഞ്ഞളില്‍ അടങ്ങിരിക്കുന്ന കുര്‍ക്കുമിന്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.88, പൗണ്ട് – 91.76, യൂറോ – 79.25, സ്വിസ് ഫ്രാങ്ക് – 81.27, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.14, ബഹറിന്‍ ദിനാര്‍ – 211.86, കുവൈത്ത് ദിനാര്‍ -258.88, ഒമാനി റിയാല്‍ – 207.46, സൗദി റിയാല്‍ – 21.24, യു.എ.ഇ ദിര്‍ഹം – 21.75, ഖത്തര്‍ റിയാല്‍ – 21.94, കനേഡിയന്‍ ഡോളര്‍ – 60.67.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *