ഹിമാലയന്‍ 450നെ അടിസ്ഥാനമാക്കി റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല എന്ന പേരില്‍ ഒരു റോഡ്സ്റ്റര്‍ ബൈക്ക് ഇറക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേകാലമായി. എന്നാല്‍ ഗറില്ലയുടെ ലോഞ്ചിംഗ് അടുത്ത മാസം 17നുണ്ടാകുമെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ബൈക്കിന്റ അന്താരാഷ്ട്ര ലോഞ്ചിംഗ് ബാഴ്സലോണയില്‍ നടക്കും. റൗണ്ട് എല്‍.ഇ.ഡി ഹെഡ്ലൈറ്റും വലിയ ഇന്ധനടാങ്കും സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും അടങ്ങിയ വാഹനം പരീക്ഷണയോട്ടം നടത്തുന്ന നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പുതിയ ഹിമാലയന്‍ 450നോട് സാദൃശ്യം തോന്നുന്ന പല ഭാഗങ്ങളം ഗറില്ലയിലും കാണാന്‍ കഴിയും. ഹിമാലയന്‍ 450ല്‍ സ്പോക്ക് വീലുകളാണ് നല്‍കിയിരുന്നതെങ്കില്‍ ഗറില്ലയില്‍ അലോയ് വീലുകളാണുള്ളത്. ഇരുവാഹനങ്ങളിലും ഷെര്‍പ്പ സീരീസിലുള്ള എഞ്ചിന്‍ തന്നെയായിരിക്കും ഉപയോഗിക്കുക. 452 സിസി സിംഗിള്‍ സിലിണ്ടര്‍ 6 സ്പീഡ് എഞ്ചിന്‍ 39.47 ബി.എച്ച്.പി കരുത്തും 40 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എല്‍.ഇ.ഡി ലൈറ്റുകള്‍, ഇരട്ട ചാനല്‍ എ.ബി.എസ്, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തും. 2.5 ലക്ഷം മുതലായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വിലയെന്നാണ് സൂചന.