ചൂടുകാലത്ത് കിസ്‌നി സ്റ്റോണ്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന്റെ ഒരു പ്രധാന കാരണം നിര്‍ജ്ജലീകരണമാണ്. വിയര്‍ക്കുന്നതിലൂടെ ശരീരത്തില്‍ നിന്നും വലിയൊരു ശതമാനം ജലാംശവും നഷ്ടപ്പെടുന്നു. ഇത് വൃക്കകളില്‍ ലവണങ്ങളും ധാതുക്കളും അടിഞ്ഞു കൂടാനും വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാനും കാരണാകുന്നു. ധാതുക്കളും ലവണങ്ങളും ശരീരത്തില്‍ വളരെ പ്രധാനമാണ്. ഇത് ശരീരത്തിന് ആവശ്യമുള്ള അളവില്‍ ഉപയോഗിച്ച ശേഷം ബാക്കി വൃക്കകള്‍ അരിച്ചുമാറ്റി മൂത്രത്തിലൂടെ പുറന്തള്ളുന്നതാണ് പതിവ്. ഈ സമയം വൃക്കകളില്‍ കാല്‍സ്യം, ഫോസ്ഫേറ്റ്, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികള്‍ രൂപപ്പെടാം. ഇവ പതിയെ ഒന്നിച്ചു ചേര്‍ന്ന് വലിപ്പം കൂടാനും കല്ലുകളായി രൂപപ്പെടുകയും ചെയ്യുന്നു. വലിപ്പം കുറഞ്ഞ കല്ലുകളാണെങ്കില്‍ മൂത്രത്തിലൂടെ തന്നെ ഇവ പുറത്തേക്ക് പോകുന്നു. എന്നാല്‍ വലിപ്പം കൂടിയ കല്ലുകള്‍ വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കുടുങ്ങിക്കിടക്കും. അപ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. കല്ലിന്റെ വലിപ്പം, ആകൃതി, കല്ലു സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയെ ആശ്രയിച്ച് ലക്ഷണങ്ങളില്‍ വ്യത്യാസം വരാം. അതിവേദനയാണ് കിഡ്‌നി സ്റ്റോണിന്റെ പ്രധാന ലക്ഷണം. കടുത്ത മഞ്ഞ നിറത്തിലെ മൂത്രം, മൂത്രം കുറയും, രക്തം കലര്‍ന്ന മൂത്രം, ഓക്കാനം, ഛര്‍ദ്ദി എന്നിവയും സാധാരണയായി അനുഭവപ്പെടാറുണ്ട്. വേനല്‍ക്കാലത്ത് കിഡ്‌നി സ്റ്റോണ്‍ വരാതെ സൂക്ഷിക്കാനുള്ള ഒരു പ്രധാന മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ചൂടു കൂടുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുകയും കട്ടി കൂടുകയും ചെയ്യുന്നു. ഇത് കല്ലുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടാനും കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ചീര, ബീറ്റ്റൂട്ട് പോലെ ഓക്സലേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് പരിമിതപ്പെടുത്തുക. കൂടാതെ ഉപ്പിന്റെയും അനിമല്‍ പ്രോട്ടീന്റെയും അമിത ഉപയോഗവും വേനല്‍ക്കാലത്ത് ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് കാരണമാകും.