ബിജു മേനോന്‍- സുരാജ് വെഞ്ഞാറമൂട് കോമ്പോയില്‍ റിലീസ് ചെയ്യുന്ന ‘നടന്ന സംഭവം’ എന്ന ചിത്രത്തിലെ പ്രമോ സോംഗ് റിലീസ് ചെയ്തു. വാര്‍ത്തകളെ വളച്ചൊടിക്കാനും ഉണ്ടാക്കാനും കഴിയുന്ന ലിങ്കന്‍ എന്നയാള്‍ ഒപ്പിക്കുന്ന ഗുലുമാലുകളുടെ കാഴ്ച്ചകളുമായാണ് ഗാനം എത്തിയിരിക്കുന്നത്. അങ്കിത് മേനോന്‍ സംഗീതം ഒരുക്കിയ പാട്ട് പാടിയതും എഴുതിയതും ശബരീഷ് വര്‍മ്മയാണ്. സുധി കോപ്പയാണ് ലിങ്കനായി എത്തുന്നത്. അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണന്‍, രേണു എ, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച നടന്ന സംഭവം സംവിധാനം ചെയ്തത് വിഷ്ണു നാരായണ്‍ ആണ്. ഫാമിലി- കോമഡി ജോണറില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന നടന്ന സംഭവത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥന്‍ ആണ്. നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നര്‍മ്മത്തിലൂടെയുള്ള ആവിഷ്‌ക്കാരമാണ് ചിത്രം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവരെക്കൂടാതെ, ജോണി ആന്റണി, ശ്രുതി രാമചന്ദ്രന്‍ , ലിജോ മോള്‍, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്‌ന ഷെറിന്‍, ജെസ് സുജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. മെയ് 9ന് ചിത്രം തിയറ്ററുകളില്‍ എത്തും.