മാറിവരുന്ന ജീവിതസാഹചര്യവും സമ്മര്‍ദവും ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗവും ഗുണനിലവാരമുള്ള ഉറക്കത്തെ തടസപ്പെടുത്തുന്നു. എന്നാല്‍ ഇത് കൂടാതെ നിങ്ങളുടെ തൊഴിലിന്റെ സ്വഭാവവും ഈ ഉറക്കമില്ലായ്മയ്ക്ക് കാരണമായെക്കാമെന്നാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. സൗത്ത് ഫ്‌ലോറിഡ സര്‍വകലാശാല സൈക്കോളജിസ്റ്റ് ആയ ക്ലെയര്‍ സ്മിത്ത് നേതൃത്വം നല്‍കിയ പഠനത്തില്‍ പ്രധാനമായും രണ്ട് തരം തൊഴിലുകളാണ് ഉറക്കത്തെ സ്വധീനിക്കുന്നതായി പറയുന്നത്. ദീര്‍ഘനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവര്‍ക്കും (ഡെസ്‌ക് ജോലികള്‍), സ്ഥിരമായി രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇന്‍സോമിയയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്നാണ് ഒക്കേഷണല്‍ ഹെല്‍ത്ത് സൈക്കോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. അതായത് ഉറങ്ങാന്‍ ബുദ്ധിമുട്ട്, ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേല്‍ക്കുക, ഗുണനിലവാരമില്ലാത്ത ഉറക്കം എന്നിവയാണ് ലക്ഷണങ്ങള്‍. ഉറക്കം കുറയുന്നത് ഉല്‍പാദനക്ഷമത കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു. ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാനായി ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കി ജോലിക്കിടെ ബ്രേക്ക് എടുത്ത് ചെറുതായി നടക്കുന്നത് നല്ലതാണ്. സ്‌ക്രീന്‍ ടൈം ചുരുക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കും. ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം. നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്‌നീഷ്യം, വിറ്റാമിന്‍ ബി, മെലാറ്റോണിന്‍, ട്രിപ്‌റ്റോഫാന്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക.