അമേരിക്കന്‍ ഐക്കണിക്ക് കാര്‍ കമ്പനിയായ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ മെറിഡിയന്‍ എസ്യുവിയുടെ വില കുറച്ചു. ഏകദേശം രണ്ടു ലക്ഷം രൂപ വിലക്കുറവിലാണ് കമ്പനി ഈ എസ്യുവിക്ക് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. പരിമിതമായ സമയത്തേക്ക് മാത്രമാണ് ഈ വിലക്കിഴിവ്. നേരത്തെ 31.23 ലക്ഷം രൂപയായിരുന്നു ഈ കാറിന്റെ എക്സ്ഷോറൂം വില. ഇപ്പോഴത് 29.49 ലക്ഷം രൂപയായി കുറഞ്ഞു. ജീപ്പ് മെറിഡിയന്‍ ഓവര്‍ലാന്‍ഡ്, ലിമിറ്റഡ് (ഒ) എന്നീ രണ്ട് ട്രിമ്മുകളില്‍ വാങ്ങാം. ഓപ്ഷണല്‍ എക്‌സ് പാക്കേജും ഇതില്‍ ലഭ്യമാണ്. നിലവിലുള്ള സ്റ്റോക്ക് ഒഴിവാക്കാനാണ് കമ്പനി ഈ വെട്ടിക്കുറവ് വരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറിഡിയന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡല്‍ ഉടന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. വരാനിരിക്കുന്ന ജീപ്പ് മെറിഡിയന്റെ പുറംഭാഗത്ത് ചെറിയ മാറ്റങ്ങള്‍ കാണാം. അതേസമയം ഇന്റീരിയറിലും ചില മാറ്റങ്ങളുണ്ടാകും. ക്യാബിനിലെ പുതിയ അപ്ഹോള്‍സ്റ്ററി ഓപ്ഷനുകള്‍, ഡാഷ്ബോര്‍ഡിലെയും സെന്റര്‍ കണ്‍സോളിലെയും ചെറിയ വ്യത്യാസങ്ങള്‍ എന്നിവ മാറ്റങ്ങളില്‍ ഉള്‍പ്പെടും. ഫെയ്സ്ലിഫ്റ്റഡ് മെറിഡിയനില്‍ 168 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ട്രാന്‍സ്മിഷനില്‍, 6-സ്പീഡ് മാനുവല്‍, 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ ലഭ്യമാണ്.