ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. യുപി പരാമര്‍ശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.എന്നാല്‍, മന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറുപടി നല്‍കിയിരുന്നു.
ധനമന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയ സംഭവം ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇക്കാര്യത്തെക്കുറിച്ച് താന്‍ പ്രതികരിക്കുന്നില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും തിരിച്ച് നല്‍കിയ കത്തും താന്‍ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ് എന്നും ധനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം, മത്സരാര്‍ഥികളായിരുന്ന ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ പ്രസിഡന്റ് സോണിയാ ഗാന്ധിയും അടുത്തടുത്തിരിക്കുന്ന ചിത്രം ജനാധിപത്യം സിന്ദാബാദ് എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവച്ച് കോണ്‍ഗ്രസ്സ്.
ഗവര്‍ണ്ണര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നിയപരമാണെന്നും എത്രയും പെട്ടന്ന് ബാലഗോപാലിനെ രാജി വെപ്പിക്കുന്നതാണ് പിണറായി വിജയന് അഭികാമ്യം എന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രശ്‌നം വഷളാക്കിയാല്‍ അതിന്റെ ഭവിഷ്യത്ത് സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ തെരുവില്‍ പ്രതിഷേധിക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ ആകാത്തത് കൊണ്ടാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. രാജ്ഭവന്‍ പരിസരത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഗവര്‍ണര്‍ക്കെതിരായി സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് രാജ്ഭവന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പിണറായി സര്‍ക്കാരിനെ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാതെ ജീവനക്കാരുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന് കാനം ആവശ്യപ്പെട്ടു. സിപിഐയുടെ സര്‍വീസ് സംഘനയായ ജോയിന്റ് കൗണ്‍സില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പങ്കാളിത്ത പെന്‍ഷനില്‍ അംഗമാകാതെ മാറി നില്‍ക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ മരണപ്പെട്ടാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യം പോലും കുടുംബാഗംങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ധനവകുപ്പ് . അടുത്ത മാസം 30ന് മുമ്പ് എല്ലാവരും പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകണം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.
കുണ്ടന്നൂരിലെ ‘ഓജീസ് കാന്താരി’ എന്ന ബാര്‍ ഹോട്ടലില്‍ വെടിവെപ്പ്. വെടിവെപ്പ് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. എഴുപുന്ന സ്വദേശി റോജന്‍, സുഹൃത്ത് ഹെറാള്‍ഡ് എന്നിവരാണ് മരട് പോലിസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മദ്യപിച്ചതിന് ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെ കൗണ്ടറിലെ ഭിത്തിയിലേക്ക് ഒരാള്‍ വെടിവെച്ചത്. രണ്ട് തവണ നിറയൊഴിച്ചു. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത് എന്നാണ് സൂചന.
കേസില്‍ നിന്ന് പിന്‍മാറണമെന്നും മൊഴി നല്‍കരുതെന്നും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഇപ്പോഴും ആവശ്യപ്പെടുന്നു എന്ന് പരാതിക്കാരി.എന്ത് സംഭവിച്ചാലും ഉത്തരവാദി എല്‍ദോസ് ആണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. വനിതാനേതാവ് ഭീഷണി സന്ദേശം അയക്കുന്നു എന്ന് സൈബര്‍ പൊലീസിലും പരാതി നല്‍കി. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തെളിവെടുപ്പിന്റെ ഭാഗമായി നടത്തിയ ഈ പരിശോധനയെ തുടര്‍ന്ന് തെളിവെടുക്കാനായി കോവളത്തെ സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും എത്തിച്ചു.
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പുതിയ ചെയര്‍മാനായി ഡോ. എം ആര്‍ ബൈജു നിയമിതനാകും. നിലവിലെ പി എസ് സി ചെയര്‍മാന്‍ എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30 നു അവസാനിക്കുന്നതിന്നെ തുടര്‍ന്നാണ് ഡോ . എം ആര്‍ ബൈജുവിനെ നിയമിച്ചത്.
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സമീര്‍ അലി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 30 ആയി.
വിഴിഞ്ഞം തുറമുഖത്തിന് എതിരേ സമരം ചെയ്യുന്ന വൈദികര്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം എന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ ബിജു രമേശ്. പല വിദേശ കമ്പനികളുടെയും സ്പോണ്‍സേര്‍ഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം. പണം കൈപറ്റി പദ്ധതികള്‍ തകര്‍ക്കുന്നത് ലത്തീന്‍ വൈദികരുടെ സ്ഥിരം ഏര്‍പ്പാടാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് സമരം ചെയ്യുന്നത് മല്‍സ്യതൊഴിലാളികള്‍ അല്ലെന്നും അദ്ദേഹം ആരോപിച്ചു
കോയമ്പത്തൂര്‍ ഉക്കടം കാര്‍ ബോംബ് സ്ഫോടനക്കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു.. പ്രതികളില്‍ ഒരാളുടെ ഐഎസ് ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാര്‍ശ . എന്‍ഐഎ സംഘം ഇതിനോടകം കോയമ്പത്തൂര്‍ എത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. അറസ്റ്റിലായ അഞ്ചു പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തു.
പാര്‍ട്ടി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ പുതിയ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എകെ ആന്റണി,കെ.സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവര്‍ പുതിയ കമ്മിറ്റിയില്‍ ഇടം പിടിച്ചപ്പോള്‍ അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ വലിയ തരംഗം സൃഷ്ടിച്ച ശശി തരൂര്‍ പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഇല്ല.
സമ്പദ് വ്യവസ്ഥ മെച്ചപ്പെടണമെങ്കില്‍ മനുഷ്യപ്രയത്‌നം മാത്രം പോരെന്നും ദൈവപ്രീതി കൂടി വെണമെന്നും അതിനായി കറന്‍സി നോട്ടില്‍ ലക്ഷ്മീ ദേവിയുടെയും ഗണപതിയുടെയും ചിത്രം ആലേഖനം ചെയ്യണമെന്ന ദില്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദേശം വിമര്‍ശിക്കപ്പെടുന്നു .കറന്‍സിയില്‍ ഗണപതിയുടെ ചിത്രമുള്ള ഇന്തോനേഷ്യന്‍ നോട്ടാണ് അദ്ദേഹം ഉദാഹരണമായി പറഞ്ഞത്. എന്നാല്‍ ഇന്ത്യയുടെ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്തോനേഷ്യന്‍ കറന്‍സി വളരെ ദുര്‍ബലമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടി കാണിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഇരട്ട എഞ്ചിന്‍ ഡെക്ക് അധിഷ്ഠിത ഫൈറ്റര്‍ ജെറ്റ് 2028 ഓടെ പുറത്തിറങ്ങും. മാക് 1.6 വേഗതയില്‍ എത്താന്‍ കഴിവുള്ള ടിഇഡിബിഎഫ് യുദ്ധവിമാനങ്ങള്‍ ഐഎന്‍എസ് വിക്രമാദിത്യയിലും ഐഎന്‍എസ് വിക്രാന്തിലും വിന്യസിക്കാന്‍ കഴിയുമെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ അധികൃതര്‍ പറഞ്ഞു. പദ്ധതിക്ക് 2023 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ അനുമതി കിട്ടുമെന്ന് ഡിആര്‍ഡിഒ പ്രതീക്ഷിക്കുന്നു.