ഇന്നോവയുടെ പുതിയ മോഡല്‍ സെനിക്‌സിനെ ഇന്തൊനീഷ്യന്‍ വിപണിയില്‍ പുറത്തിറക്കി ടൊയോട്ട. മൂന്നു വകഭേദങ്ങളിലായി പുറത്തിറങ്ങിയ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 419000000 ഇന്തൊനീഷ്യന്‍ റുപ്പിയയിലാണ് (ഏകദേശം 22 ലക്ഷം രൂപ). ഈ മാസം 25ന് സെനിക്‌സിന്റെ ഇന്ത്യന്‍ പതിപ്പ് ഹൈക്രോസിനെ ഇന്ത്യയിലും പുറത്തിറക്കും. ഇന്തൊനീഷ്യന്‍ പതിപ്പില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയായിരിക്കും ഹൈക്രോസും വിപണിയിലെത്തുക. എംപിവിക്കാള്‍ ഏറെ ക്രോസ് ഓവര്‍ ലുക്കാണ് പുതിയ ഹൈക്രോസിന്. ടൊയോട്ടയുടെ ടിഎന്‍ജിഎ ജിഎസി മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. പെട്രോള്‍, ഹൈബ്രിഡ് എന്‍ജിനുകളുണ്ട്. ഇന്നോവ ക്രിസ്റ്റയെക്കാള്‍ വലുപ്പമുള്ള വാഹനമാണ് സെനിക്‌സ്. 4755 എം എം നീളവും 1850 എംഎം വീതിയുമുണ്ട്. ഇന്നോവ ക്രിസ്റ്റയുടെ നീളം 4735 എംഎമ്മും വീതി 1830 എംഎമ്മും. ഉയരം രണ്ടു വാഹനത്തിനും 1795 എംഎം തന്നെ. വീല്‍ബെയ്‌സിന്റെ കാര്യത്തില്‍ 2850 എംഎമ്മൊടെ ക്രിസ്റ്റയെക്കാള്‍ 100 എംഎം മുന്നിലാണ് സെനിക്‌സ്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം സംവിധാനമുള്ള ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ വാഹനമായിരിക്കും ഹൈക്രോസ്.