ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കിംഗ് ഓഫ് കൊത്ത’യിലെ ഏറെ തരംഗമായ ‘കലാപക്കാര’ ഗാനം റിലീസായി. എണ്‍പത്തി അയ്യായിരത്തില്‍പ്പരം റീലുകള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ തരംഗമായി മാറിയ ഗാനത്തിന്റെ സംഗീത സംവിധാനം ജേക്‌സ് ബിജോയ് ആണ്. ഗാനത്തിന്റെ രചന ജോപോള്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയാ ഘോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പര്‍ ഗാനം ആലപിച്ചിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കിംഗ് ഓഫ് കൊത്ത കാഴ്ചവയ്ക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 36 കോടിയാണ് ദുല്‍ഖര്‍ ചിത്രം ആദ്യവാരത്തില്‍ നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 14.5 കോടി ചിത്രം നേടിയിട്ടുണ്ട്.