ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി ഹൈക്കോടതി തളളി. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. എന്നാൽ റിപ്പോർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സജിമോൻ പാറയിലിൻ്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും റിപ്പോർട്ട് ഹർജികാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി. റിപ്പോർട്ട് പുറത്തു വിടുന്നത് സിനിമ വ്യവസായ മേഖലയെ ബാധിക്കുമെന്ന് മാത്രമാണ് ഹർജിയിൽ പറയുന്നത്. വ്യക്തികളുടെ സ്വകാര്യത പുറത്തുപോവാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.