വരാനിരിക്കുന്ന ഗറില്ല 450 ആണ് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന അടുത്ത ബൈക്ക്. ഈ ബുള്ളറ്റ് പലപ്പോഴായി പരീക്ഷണത്തിനിടെ ക്യാമറയില്‍ കുടുങ്ങിയിരുന്നു. ഇപ്പോള്‍ ഇതിനെ തമിഴ്നാട്ടില്‍ പരീക്ഷണം നടത്തുന്നതിനിടെ വീണ്ടും കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രൊഡക്ഷന്‍-റെഡി മോഡലിനോട് അടുത്ത പതിപ്പാണിത്. ഗറില്ല 450 ന്റെ ലോഞ്ച് ജൂലൈ രണ്ടാം വാരത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുമ്പ് പുറത്തിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 സിസിയുമായി സാമ്യമുള്ളതാണ് പുതിയ സ്‌പൈ ഫോട്ടോകള്‍. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സിംഗിള്‍-ക്യാപ്സ്യൂള്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മുന്‍ ഫോട്ടോകളില്‍ കണ്ടതിന് സമാനമായ വളഞ്ഞ സിംഗിള്‍ സീറ്റ് എന്നിവ ഗറില്ല 450-ന്റെ സവിശേഷതയാണ്. ഷര്‍പ്പ 450 എഞ്ചിന്‍ തന്നെയാണ് ഗറില്ല 450 നും കരുത്തേകുക. 8000 ആര്‍പിഎമ്മില്‍ 39 എച്ച്പിയും 5500 ആര്‍പിഎമ്മില്‍ 40 എന്‍എമ്മും ഉത്പാദിപ്പിക്കുന്ന 452 സിസി സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റ് ലിക്വിഡ് കൂളിംഗ് സജ്ജീകരിച്ചിരിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ഘടിപ്പിക്കും. ആപ്പ് അധിഷ്ഠിത നാവിഗേഷന്‍, ഹെഡ്ലാമ്പിനുള്ള എല്‍ഇഡി ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍, ടെയില്‍ലൈറ്റ്, അഡ്വാന്‍സ്ഡ് സ്വിച്ച്ഗിയര്‍ എന്നിവ ഉള്‍പ്പെടെ കണക്റ്റുചെയ്ത സാങ്കേതികവിദ്യയുള്ള അഞ്ച് ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.