ഹവായിയിലെ ബോട്ടു ജെട്ടിയില്‍ വിനോദസഞ്ചാരികളായ ക്രിസ്റ്റി ഹച്ചിന്‍സണും ഭര്‍ത്താവ് സീനും തങ്ങളുടെ ബോട്ടിലിരിക്കുകയായിരുന്നു. അപ്പോഴതാ വെള്ളത്തിലൂടെ വരുന്നൂ, ഒരു കാര്‍. അകത്ത് രണ്ടു യാത്രക്കാരുണ്ട്. കാറിന്റെ മുന്‍ഭാഗം വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും പരിഭ്രമിക്കാതെ പുഞ്ചിരിച്ചുകൊണ്ടിരിക്കുകയാണവര്‍. ബോട്ടു ജെട്ടിയില്‍ രണ്ടു യാത്രക്കാരുള്ള കാര്‍ മുങ്ങിക്കൊണ്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്രിസ്റ്റി പകര്‍ത്തി. അതേസമയം, കാറിലെ യാത്രക്കാരെ രക്ഷിക്കാന്‍ സീനും ചില സുഹൃത്തുക്കളും വെള്ളത്തിലൂടെ നീന്തി കാറിനരികിലെത്തി. കാറില്‍ രണ്ട് സഹോദരിമാരായിരുന്നു. രണ്ടുപേരും സീറ്റ് ബെല്‍റ്റ് അഴിച്ചുമാറ്റാതെ കാറിനകത്ത് ഇരിക്കുകയായിരുന്നു. സീറ്റ് ബെല്‍റ്റ് അഴിച്ചുമാറ്റി കാറിനു പുറത്തേക്കറിങ്ങാന്‍ അവര്‍ക്കു നിര്‍ദേശം നല്‍കി. ആദ്യം ഡ്രൈവിംഗ് സീറ്റിലിരുന്ന സ്ത്രീ വിന്‍ഡോയിലൂടെ പുറത്തേക്കു ചാടി. കാര്‍ കൂടുതല്‍ മുങ്ങാതിരിക്കാന്‍ അവിടെയുണ്ടായിരുന്നവര്‍ കയറുകൊണ്ടു കെട്ടിവലിച്ചു. കാറിലുണ്ടായിരുന്ന ഇരുവരേയും രക്ഷപ്പെടുത്തിയശേഷം എങ്ങനെ കാര്‍ വെള്ളത്തില്‍ ചാടിയെന്നു ബോട്ടു ജെട്ടിയിലുണ്ടായിരുന്നവര്‍ ചോദിച്ചു. ജിപിഎസ് നോക്കി കാറോടിച്ചതാണെന്നായിരുന്നു മറുപടി. വെള്ളത്തില്‍ വീഴുമെന്നു കരുതിയില്ലെന്നാണു വിശദീകരണം. ആദ്യം വീഡിയോ ടിക്ടോക്കിലാണു പോസ്റ്റു ചെയ്യപ്പെട്ടത്. വൈകാതെ വൈറലായ വീഡിയോ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണു പ്രചരിക്കുന്നത്.