ചാൻസലർ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. നയപ്രഖ്യാപനത്തിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന്റെ നടത്തിപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു.
ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭാ യോഗം പതിഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിയുന്നതായി ഔദ്യോഗികമായി ഗവർണ്ണറെ അറിയിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 13ന് സമ്മേളനം തീർന്നെങ്കിലും ഇതുവരെ ഗവർണ്ണറെ അറിയിച്ചിരുന്നില്ല. ഗവർണ്ണറുമായുള്ള അനുനയത്തിൻറെ ഭാഗമായാണ് നയപ്രഖ്യാപന പ്രസംഗം ഈ മാസം തന്നെ നടത്താൻ സർക്കാർ തീരുമാനിച്ചത്.