Untitled 1 24

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യിലെ ആദ്യ പാട്ടെത്തി. ‘വാടരുതെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചന്‍ ആണ്. നിത്യ മാമ്മന്‍ ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രഭ വര്‍മ്മയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥ ആക്കിയിരിക്കുന്നത്. എം മുകുന്ദന്‍ തന്നെയാണ് സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ നായിക ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

സണ്ണി വെയ്ന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അപ്പന്‍’ റിലീസിനൊരുങ്ങുന്നു. ചിത്രം ഡയറക്ട് ഒടിടി റിലീസായി ഒക്ടോബര്‍ 28ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സോണി ലിവ്വിലൂടെയാണ് ‘അപ്പന്റെ’ സ്ട്രീമിംഗ് നടക്കുക. മജു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അലന്‍സിയര്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടൈനി ഹാന്‍സ്‌സ് പ്രൊഡക്ഷന്‍സ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് ടൈനി ഹാന്‍ഡ്‌സിന്റെ സാരഥികള്‍. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് നടപ്പുവര്‍ഷത്തെ ജൂലായ്-സെപ്തംബര്‍ പാദത്തില്‍ 89.42 ശതമാനം വളര്‍ച്ചയോടെ 2,525 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 1,333 കോടി രൂപയായിരുന്നു. അറ്റപലിശ വരുമാനം 18.5 ശതമാനവും പലിശേതര വരുമാനം 13 ശതമാനവും ഉയര്‍ന്നത് ബാങ്കിന് നേട്ടമായി. പ്രവര്‍ത്തനലാഭം 23.22 ശതമാനം ഉയര്‍ന്ന് 6,905 കോടി രൂപയായി. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാദ്ധ്യത (പ്രൊവിഷന്‍സ്) 8 ശതമാനം കുറഞ്ഞ് 3,636.81 കോടി രൂപയായത് ലാഭവളര്‍ച്ചയ്ക്ക് സഹായിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ) 2.05 ശതമാനം കുറഞ്ഞ് 6.37 ശതമാനത്തിലും അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) 1.02 ശതമാനം താഴ്ന്ന് 2.19 ശതമാനത്തിലെത്തിയതും ബാങ്കിന് നേട്ടമായി. ബാങ്കിന്റെ ആഗോള ബിസിനസ് 13.89 ശതമാനം വര്‍ദ്ധിച്ച് 19.58 ലക്ഷം കോടി രൂപ കടന്നു.

ദീപാവലിക്ക് ശേഷം ചില ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തരഹിതമാകും. പഴയ മോഡല്‍ ഐ ഫോണുകളിലും അപ്ഡേറ്റ് ചെയ്യാത്ത ആന്‍ഡ്രോയിഡ് ഫോണുകളിലുമാണ് സേവനം നഷ്ടമാകുക എന്ന് വാട്സ്ആപ്പ് അറിയിച്ചു. ഐഒഎസ് 10, ഐഒഎസ് 11 പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലാണ് ഒക്ടോബര്‍ 24 മുതല്‍ വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്. ഈ ഫോണുകളില്‍ വാട്സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യില്ലെന്ന് കമ്പനി അറിയിച്ചു. ഐഫോണ്‍ 12 മുതലുള്ള പുതിയ മോഡലുകളില്‍ സേവനം തുടര്‍ന്നും ലഭിക്കും. പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ ഐഒഎസ് അപ്ഡേറ്റ് ചെയ്യണമെന്നും കമ്പനി അറിയിച്ചു. പഴയ ആന്‍ഡ്രോയിഡ് ഓപ്പറേഷന്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളിലും വാട്സ്ആപ്പ് സേവനം ലഭിക്കില്ല. ആന്‍ഡ്രോയിഡ് 4.1 അല്ലെങ്കില്‍ പുതിയ ആന്‍ഡ്രോയിഡ് മോഡലുകളില്‍ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചു.

ഒമ്പതാം വയസ്സില്‍ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവല്‍. അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധാനന്തര ദുരിതങ്ങളില്‍പെട്ടുഴറുന്ന മനുഷ്യരെ ടര്‍ക്കിയിലൂടെ ഗ്രീസിലേക്കും നടക്കാന്‍ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാണ്. ടര്‍ക്കിയിലെ പുതുതലമുറ എഴുത്തുകാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹകന്‍ ഗുണ്ടായ്യുടെ ഈ കൃതി. ‘പോരാ പോരാ’. വിവര്‍ത്തനം: രമാമേനോന്‍. ഗ്രീന്‍ ബുക്‌സ്. വില 522 രൂപ.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത ടൈഗണ്‍ മിഡ്-സൈസ് എസ്യുവിക്ക് 45,000 ബുക്കിംഗുകള്‍ ലഭിച്ചതായി ഫോക്സ്വാഗണ്‍ ഇന്ത്യ അറിയിച്ചു. 2021 സെപ്റ്റംബര്‍ മുതല്‍ 28,000 യൂണിറ്റ് മോഡലുകള്‍ കമ്പനി വിതരണം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 സെപ്റ്റംബറില്‍, രാജ്യത്ത് മോഡലിന്റെ അരങ്ങേറ്റത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കുന്നതിനായി ഫോക്സ്വാഗണ്‍ ടൈഗണ്‍ ആനിവേഴ്സറി പതിപ്പ് പുറത്തിറക്കിയിരുന്നു. 15.69 ലക്ഷം രൂപ മുതല്‍ എക്‌സ്-ഷോറൂം വിലവയുള്ള ഈ മോഡല്‍ ടോപ്ലൈന്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫോക്സ്വാഗണ്‍ ടൈഗണ്‍ അടിസ്ഥാന മോഡലിന് 11.56 ലക്ഷം രൂപയും ടോപ്പ്-സ്‌പെക്ക് ജിടി പ്ലസ് വേരിയന്റിന് 18.71 ലക്ഷം രൂപയുമാണ് ഇപ്പോള്‍ വില. അതേ സമയം, ജര്‍മ്മന്‍ ബ്രാന്‍ഡ് ഹ്യുണ്ടായ് ക്രെറ്റ , കിയ , സെല്‍റ്റോസ് , എംജി ആസ്റ്റര്‍ എന്നിവയ്ക്ക് എതിരാളികളായ മിഡ്-സൈസ് എസ്യുവിയുടെ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ 1.05 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

നിത്യജീവിതത്തില്‍ നിസാരവത്കരിക്കാന്‍ സാധ്യതയുള്ളതും എന്നാല്‍ ഗൗരവതരമായ അസുഖത്തിന്റെ സൂചനയായി വരുന്നതുമായ ഒരു പ്രശ്‌നമാണ് തലകറക്കവും ഇതിനെ തുടര്‍ന്നുള്ള വീഴ്ചയും. ‘വെര്‍ട്ടിഗോ’ എന്ന് വിളിക്കപ്പെടുന്ന തരത്തിലുള്ള തലകറക്കമാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്. ഭാവിയില്‍ പക്ഷാഘാതം അഥവാ സ്‌ട്രോക്ക് വരുന്നതിലേക്കുള്ള സൂചനയായി ഇങ്ങനെ സംഭവിക്കാം.സ്‌ട്രോക്കിനെ കുറിച്ച് മിക്കവര്‍ക്കും അറിവുണ്ടായിരിക്കും. വളരെ ഗൗരവമുള്ള- മരണത്തിലേക്ക് വരെ നമ്മെയെത്തിക്കാന്‍ കഴിയുന്ന പ്രശ്‌നമാണ് സ്‌ട്രോക്ക്. തലച്ചോറിന്റെ ഏതെങ്കിലുമൊരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുകയോ അല്ലെങ്കില്‍ രക്തക്കുഴലുകള്‍ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയിലാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. ചിലരില്‍ ഇത് ജീവന് വെല്ലുവിളിയാകാതെ നേരിയ രീതിയില്‍ കടന്നുപോകുമെങ്കില്‍ മറ്റ് ചിലരില്‍ ഏറെ പ്രയാസമുണ്ടാക്കുന്ന വിധമാകാം ഇതുണ്ടാകുന്നത്. ഒരുപക്ഷെ ജീവന്‍ തന്നെ നഷ്ടമാവുകയും ചെയ്യാം. ദിനംപ്രതി എത്രയോ പേരാണ് ഇത്തരത്തില്‍ സ്‌ട്രോക്കിനെ തുടര്‍ന്ന് മരിക്കുന്നതും. സ്‌ട്രോക്കിലേക്ക് പോകുന്നൊരു വ്യക്തിയില്‍ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. അല്ലെങ്കില്‍ ശ്രദ്ധയില്‍ വരുംവിധത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ തലകറക്കം (വെര്‍ട്ടിഗോ), ഇതിനെ തുടര്‍ന്നുള്ള വീഴ്ച, തളര്‍ച്ച എന്നിവയെല്ലാം സ്‌ട്രോക്കിന് മുന്നോടിയായി വരാം. ഇവ തന്നെ സ്‌ട്രോക്കിന് ശേഷവും രോഗിയില്‍ കാണാം. സ്‌ട്രോക്ക് സംഭവിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പോ, ആഴ്ചകള്‍ക്ക് മുമ്പോ എല്ലാം ഈ സൂചനകള്‍ വരാം. ഈ ഘട്ടത്തില്‍ തന്നെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ ബ്ലോക്ക് കണ്ടെത്താന്‍ സാധിച്ചാല്‍ ഗുരുതരമായ സാഹചര്യങ്ങളൊഴിവാക്കാന്‍ കഴിഞ്ഞേക്കാം. ഇരുകൈകളിലും തളര്‍ച്ച, ശരീരത്തിന്റെ താഴെ ഒരു ഭാഗത്ത് (കാലുകളും പാദങ്ങളും അടക്കം) തളര്‍ച്ച, സംസാരിക്കുമ്പോള്‍ വാക്കുകള്‍ വ്യക്തമാകാത്ത അവസ്ഥ, മറന്നുപോകുന്ന സാഹചര്യം, പെട്ടെന്നുണ്ടാകുന്ന തീവ്രതയേറിയ തലവേദന, കാഴ്ച മങ്ങല്‍, ഓര്‍മ്മശക്തി കുറയല്‍ എന്നിവയെല്ലാം സ്‌ട്രോക്കിന്റെ ലക്ഷണങ്ങളായി വരാറുണ്ട്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *