കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ലാഭത്തിലും വിറ്റുവരവിലും കനത്ത ഇടിവ്. കമ്പനിയുടെ ലാഭം മുന്‍വര്‍ഷത്തിലെ സമാനപാദത്തിലെ 612.83 കോടി രൂപയില്‍ നിന്ന് 146.17 കോടിയായി കുത്തനെ ഇടിഞ്ഞു. വിറ്റുവരവ് 6,198.15 കോടി രൂപയില്‍ നിന്ന് 5,054.93 കോടി രൂപയുമായി. കഴിഞ്ഞ വര്‍ഷം റെക്കോഡ് ലാഭവും വിറ്റുവരവും കുറിച്ച സ്ഥാനത്താണ് ഇത്രയും ഭീമമായ വീഴ്ച. കഴിഞ്ഞ നാല് വര്‍ഷമായി തുടര്‍ച്ചയായി ലാഭം നേടിയിരുന്ന പൊതുമേഖലാ സ്ഥാപനമാണ് ഫാക്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം 353.28 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ ഫാക്ട് 61.2 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 165.44 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. 63 ശതമാനമാണ് ഇടിവ്. വിറ്റുവരവ് 2022-23 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 1,300.73 കോടി രൂപയില്‍ നിന്ന് 18 ശതമാനം കുറഞ്ഞ് 1,061.82 കോടി രൂപയായി. ഇന്നത്തെ ഓഹരിവില അനുസരിച്ച് 43,732 കോടിരൂപയാണ് ഫാക്ടിന്റെ വിപണി മൂല്യം. 2023 ജൂണിലാണ് ആദ്യമായി വിപണി മൂല്യം 30,000 കോടി രൂപ പിന്നിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപകമ്പനിയായ പി.കെ ഫെര്‍ട്ടിലൈസേഴ്സിന്റെ സബ്സിഡി പരിഷ്‌കരിച്ചതു വഴി കേന്ദ്ര വളം വകുപ്പ് 63.07 കോടി രൂപ തിരികെ ഈടാക്കിയതാണ് ലാഭത്തെ ബാധിച്ചത്.