വാള്‍മുനയില്‍ വിറച്ച
ദുര്‍മന്ത്രവാദിനി
മിത്തുകള്‍ മുത്തുകള്‍ – 4
ഗ്രീക്ക് പുരാണ കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
ട്രോയി ദ്വീപുമായുള്ള ദശവല്സരയുദ്ധത്തില് വെന്നിക്കൊടി പാറിച്ച ഒഡിസിയൂസിന്റെ ഗ്രീക്കുപട നാട്ടിലേക്കു മടങ്ങുകയാണ്. കപ്പല്വ്യൂഹങ്ങളെ നയിച്ചതും ഒഡിസിയൂസ്തന്നെ. യാത്രാമധ്യേ കൊടുങ്കാറ്റും കടല്‍ക്ഷോഭവും അവരെ നടുക്കടലില്‍ വട്ടംകറക്കി. അടര്‍ക്കളത്തിലെ ജീവന്മരണ പോരാട്ടത്തിനുശേഷം കടലില്‍ പ്രകൃതിയുമായി യുദ്ധം.
തളര്‍ന്ന് അവശരായി വിശ്രമിക്കാനിറങ്ങിയ ദ്വീപുകളിലെല്ലാം ബീഭല്‍സമായ ദുരന്തങ്ങളാണ് അവരെ എതിരേറ്റത്.
കുറേദിവസത്തെ യാത്രക്കുശേഷം ഒഡിസിയൂസിന്റെ കപ്പല്‍വ്യൂഹങ്ങള്‍ മനോഹരമായ ഒരു ദ്വീപില്‍ നങ്കൂരമിട്ടു. ചെന്നുകയറുന്നിടത്തെല്ലാം ഉണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അവര്‍ക്കു കപ്പലില്‍നിന്നു പുറ ത്തിറങ്ങാന്‍പോലും തോന്നിയില്ല. ഈ ദ്വീപിലും ഭീകരജീവികളോ രാക്ഷസരോ വേട്ടയാടുമെന്ന് അവര്‍ ഭയന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പടത്തലവനായ ഒഡിസിയൂസ് ദ്വീപിലിറങ്ങി. സ്ഥലം നിരീക്ഷിച്ചു നടക്കവേ, ദൂരെ കുറ്റിച്ചെടികള്‍ക്കിടയില്‍ ഒരു മാന്‍. ഒഡിസിയൂസ് ഉന്നംതെറ്റാതെ ചാട്ടുളിയെറിഞ്ഞു. മാന്‍ പിടഞ്ഞു വീണു. ഒരു മരത്തില്‍ കയറി അദ്ദേഹം ചുറ്റുപാടും നോക്കി. അടുത്തൊന്നും ആരുമില്ല. അങ്ങകലെ പഴയ ഒരു കൊട്ടാരമുണ്ട്. എന്തായാലും മാനിനെ എടുത്തുകൊണ്ടുപോകാം.
മാനിനേയും ചുമന്ന് അദ്ദേഹം കപ്പലില്‍ തിരിച്ചെത്തി. എല്ലാവരും കൂടി അതിനെ പൊരിച്ചുതിന്നു. തിന്നുന്നതിനിടെ ദ്വീപിലെ കൊട്ടാരത്തെക്കുറിച്ച് ഒഡിസിയൂസ് സഹപ്രവര്‍ത്തകരോടു വിവരിച്ചു. അവര്‍ക്കു ഭയമാണ് തോന്നിയത്. കൊട്ടാരത്തില്പോയി പൊല്ലാപ്പുണ്ടാക്കേണ്ടെന്ന് എല്ലാവരും പറഞ്ഞു.
പക്ഷേ, ഒഡിസിയൂസ് വിട്ടില്ല. ‘നമുക്കു ഭാഗ്യവും നന്മയും കൈവരുന്നത് ആ കൊട്ടാരത്തിലൂടെയായിരിക്കും. വീരന്മാരായ നാം ഇങ്ങനെ പേടിത്തൊണ്ടന്മാരാകരുത്.’ അവര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് അദ്ദേഹം ഒരു പ്രഭാഷണം തന്നെ നടത്തി. ഒടുവില്‍ എല്ലാവരും കൊട്ടാരത്തിലേക്കുപോകാന്തന്നെ തീരുമാനിച്ചു.
പട്ടാളക്കാരെ രണ്ടു വിഭാഗമാക്കി. ഒരു വിഭാഗത്തിന്റെ തലവന്‍ ഒഡിസിയൂസ്തന്നെ. രണ്ടാമത്തെ സംഘത്തിനു നേതാവ് യൂറിലോക്കസ്.
‘ആദ്യം ഒരുസംഘം കൊട്ടാരത്തിലേക്കു പോകുക. അവര്‍ മടങ്ങിവരും വരെ മറ്റേ സംഘം കപ്പലിനരികില്‍ നില്‍ക്കണം. മടങ്ങിവരുന്നില്ലെങ്കില്‍ അപകടമുണ്ടെന്നര്ഥം. രക്ഷിക്കാന്‍ രണ്ടാമത്തെ സംഘം എത്തണം.’-ഒഡിസിയൂസ് ആജ്ഞാപിച്ചു. എല്ലാവര്ക്കും സമ്മതം. പക്ഷേ ആദ്യം ഏതുസംഘം കൊട്ടാരത്തിലേക്കു പോകും. അവര്‍ നറുക്കിട്ടു.
കുറി വീണത് യൂറിലോക്കസിന്റെ സംഘത്തിനായിരുന്നു. അവര്‍ ആയുധങ്ങളുമായി ദ്വീപിലെ കൊട്ടാരത്തിലേക്കു മാര്‍ച്ചു ചെയ്തു. കൊട്ടാരത്തോട് അടുക്കുന്തോറും ഒരു തരം ഭീകരത. ചുറ്റും സിംഹങ്ങളും ചെന്നായ്ക്കളും അലഞ്ഞുനടക്കുന്നു. അവ വളര്ത്തുപൂച്ചകളേപ്പോലെ മോങ്ങിക്കൊണ്ടാണു നടക്കുന്നത്. ക്രൂരരായ വന്യമൃഗങ്ങളുടെ ഈ പെരുമാറ്റം യൂറിലോക്കസിനെ അമ്പരപ്പിച്ചു.
അവര്‍ നേരെ കൊട്ടാരത്തിലേക്കു കയറി. കൊട്ടാര നടുത്തളത്തില്‍ മനോഹരമായ സിംഹാസനത്തില്‍ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി.
വാതില്ക്കല് ഒരുകൂട്ടം ആളുകളെകണ്ട അവള് എഴുന്നേറ്റ് അവരെ അകത്തേക്കു ക്ഷണിച്ചു. എല്ലാവരും സന്തോഷത്തോടെ അകത്തേക്കുകയറി ചുറ്റുമുള്ള ഓരോ സിംഹാസനങ്ങളിലായി ഇരുന്നു. അവളുടെ പെരുമാറ്റത്തില്‍ എന്തോ പന്തി കേടുണ്ടെന്നു തോന്നിയ യൂറിലോക്കസ് അകത്തുകടക്കാതെ വാതിലിനു പിറകില്‍ ഒളിച്ചുനിന്നു. വാതില്‍പ്പാളിയുടെ പഴുതിലൂടെ അകത്തു നടക്കുന്നത് എന്തെന്ന് ഒളിച്ചുനോക്കി.
സുന്ദരി അതിഥികള്‍ക്ക് വിശിഷ്ട ഭക്ഷണവും വീഞ്ഞും വിളമ്പി. അവയെല്ലാം ആര്‍ത്തിയോടെ ഭക്ഷിച്ച അവര്‍ പെട്ടെന്നു ബോധരഹിതരായി. ഉടനേ അവള് മന്ത്രങ്ങള്‍ ഉരുവിട്ട് അതിഥികള്‍ക്കു നേരെ ഒരു മാന്ത്രിക ദണ്ഡ് വീശി. ഞൊടിയിടയില്‍ അവരെല്ലാം കാട്ടുപന്നികളായിമാറി. ഒളിച്ചുനിന്ന് ഇതെല്ലാം കണ്ട യൂറിലോക്കസ് പേടിച്ചരണ്ട് സ്തംഭിച്ചുപോയി. അടുത്തനിമിഷം കുറേ പരിചാരികമാര്‍ കാട്ടുപന്നികളെ ആട്ടിപ്പുറത്താക്കി. യൂറിലോക്കസ് ജീവനും കൊണ്ട് കടല്‍ത്തീരത്തേക്കോടി. കൊട്ടാരത്തിനരികില്കണ്ട സിംഹങ്ങളും ചെന്നായ്ക്കളും സുന്ദരിയായ മന്ത്രവാദിനിയുടെ ശാപമേറ്റു കഴിയുന്ന മനുഷ്യരാണെന്ന് യൂറിലോക്കസിനു ബോധ്യമായി.
ഓടിക്കിതച്ച് കപ്പലിനരികിലെത്തിയ യൂറിലോക്കസിനെ കണ്ട് ഒഡിസിയൂസും കൂട്ടരും പരിഭ്രാന്തരായി. മറ്റുള്ളവര്‍ എവിടെ? എന്തെങ്കിലും അപകടമുണ്ടോ? യൂറിലോക്കസ് എല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു. എല്ലാവരും തരിച്ചിരുന്നുപോയി. അടുത്ത ക്ഷണത്തില്‍ ഒഡിസിയൂസ് സമനില വീണ്ടെടുത്തു. പിന്നെ കോപത്തോടെ അലറി. ‘അവളെ ഞാന്‍ കശാപ്പു ചെയ്യും.’
ഒഡിസിയൂസ് കൊട്ടാരത്തിലേക്കു പോകാനൊരുങ്ങിയപ്പോള്‍ എല്ലാവരും തടയാന്‍ ശ്രമിച്ചു. ഒഡിസിയൂസ് വഴങ്ങിയില്ല. കൊട്ടാരത്തെ ലക്ഷ്യമാക്കി പാഞ്ഞ ഒഡിസിയൂസിനു പിന്നാലെ മറ്റു സൈനികരും നടന്നു. മാളികയ്ക്കരികില് സിംഹങ്ങളും ചെന്നായ്ക്കളും അലഞ്ഞു നടക്കുന്നുണ്ട്. അല്പംകൂടി പോയപ്പോള്‍ വഴിയില്‍ ശുഭ്രവസ്ത്രധാരിയായ ഒരു യുവാവ്. ഒഡിസിയൂസിനെ അയാള്‍ തടഞ്ഞുനിര്‍ത്തി.
‘എങ്ങോട്ടാണ് ?’ അയാളുടെ ചോദ്യം.
‘ആ മന്ത്രവാദിനിയെ ഞാന്‍ കൊത്തിയരിയും.’-ഒഡിസിയൂസ് പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു.
‘ങാ! അത്ര എളുപ്പമല്ല. ഞാന്‍ സഹായിക്കാം.’-ഒരു പുഞ്ചിരിയോടെ യുവാവ്.
‘നിങ്ങള്‍?’- ഒഡിസിയൂസ്.
‘ഞാന്‍ ഹെര്‍മസ് ദേവനാണ്.’
ഒഡിസിയൂസ് ദേവനുമുന്നില്‍ പ്രണമിച്ചുകൊണ്ട് സഹായിക്കണമെന്ന് അപേക്ഷിച്ചു. ‘ഭീകരദേവതയും മന്ത്രവാദിനിയുമായ സഴ്സിയുടെ കൊട്ടാരമാണത്. അതിഥികളെയെല്ലാം മന്ത്രവാദത്തിലൂടെ മൃഗങ്ങളാക്കി മാറ്റുകയാണ് സുന്ദരിയായ സഴ്സിയുടെ മുഖ്യ വിനോദം.’
ഒരു നിമിഷം എന്തോ ചില മന്ത്ര ങ്ങള് ഉരുവിട്ടശേഷം ഹെര്‍മസ് തുടര്‍ന്നു. -‘ഇനി അവളുടെ ദുര്‍മ്മന്ത്രവാദം നിങ്ങളെ ബാധിക്കില്ല. ഞാന്‍ മറുമന്ത്രം പ്രയോഗിച്ചിട്ടുണ്ട്. അവള് അതിഥികള്‍ക്ക് വിഷം കലര്‍ന്ന വീഞ്ഞാണു വിളമ്പുക. അതു കുടി ച്ചാല്‍ ബോധംകെട്ടുവീഴും. ഉടനേ അവള് മാന്ത്രികവടികൊണ്ട് ഉഴിയും. അപ്പോഴാണ് മൃഗമായി മാറുന്നത്. അവള് തരുന്നതെന്തും നിങ്ങള്‍ക്കു കഴിക്കാം. എന്റെ മറുമന്ത്രം അതെല്ലാം ചെറുക്കും. എന്നാല്‍ നിങ്ങള്‍ക്കെതിരേ അവള് മാന്ത്രികദണ്ഡ് ഉയര്‍ത്തിയാല്‍ ഉടനേ വാളെടുത്തു വീശണം. ഭയന്നുവിറച്ച് അവള് സ്നേഹം നടിക്കും. മയങ്ങിപ്പോകരുത്. വാള്‍മുനയില്‍ നിര്‍ത്തി ഒരു തരത്തിലും ഉപദ്രവിക്കില്ലെന്ന് അവളെക്കൊണ്ട് സത്യം ചെയ്യിക്കണം.’ പറഞ്ഞുതീര്‍ന്നതോടെ ഹെര്‍മസ് അപ്രത്യക്ഷനായി.
ഒഡിസിയൂസിനു പിന്നാലെയുണ്ടായിരുന്ന സൈനികര്‍ അപ്പോഴേക്കും അവിടെയെത്തി. അവരോട് ഒളിച്ചിരിക്കാന്‍ നിര്‍ദേശിച്ചശേഷം അദ്ദേഹം കൊട്ടാരത്തിലേക്കു കയറി. സുന്ദരിയായ സഴ്സി സ്നേഹ പ്രകടനങ്ങളോടെ അദ്ദേഹത്തെ സ്വീകരിച്ചു. വിശിഷ്ട ഭക്ഷണവും വീഞ്ഞും നല്കി. ഒരുകൂസലുമില്ലാതെ അതെല്ലാം അദ്ദേഹം കഴിച്ചു. ഒഡിസിയൂസ് ബോധ രഹിതനായെന്നു കരുതി സഴ്സി മാന്ത്രിക ദണ്ഡുയര്‍ത്തി. അപ്പോഴേക്കും മിന്നല്‍പ്പിണര്‍പോലെ ഒഡിസിയൂസിന്റെ വാള് സീല്‍ക്കാര ശബ്ദ്ദത്തോടെ ചീറി. ഒരു ഈറ്റപ്പുലിയേപ്പോലെ അവള്‍ക്കുമേല്‍ അദ്ദേഹം ചാടി വീണു. കഴുത്തില്‍ വാള്‍മുന വച്ചു കൊണ്ട് ഒഡിസിയൂസ് അട്ടഹസിച്ചു.
‘അങ്ങ് ആരാണ്? വാള് മാറ്റുക. ഞാന്‍ അങ്ങയുടെ അടിമയല്ലേ?’ ഭയന്നുവിറച്ച സഴ്സി വിലപിക്കാന്‍ തുടങ്ങി. വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ സ്നേഹപ്രകടനങ്ങളായി. വാള്‍മുന അവളുടെ കഴുത്തില്‍ കൂടുതല്‍ അമര്ന്നതേയുള്ളൂ. അവള്‍ക്ക് അന ങ്ങാനായില്ല. അനങ്ങിയാല്‍ കഴുത്തു മുറിഞ്ഞു തലയറ്റുവീഴും.
‘എന്നെ ഒരുതരത്തിലും ഉപദ്രവിക്കില്ലെന്നു സത്യം ചെയ്യുക.’ ഒഡിസിയൂസ് ആജ്ഞാപിച്ചു. അവള് അതനുസരിച്ചു. ‘ എന്റെ സഹപ്രവര്‍ത്തകരെ നീ പന്നികളാക്കി. അവരെ യഥാര്‍ഥ രൂപത്തിലാക്കി മോചിപ്പിക്കാമെന്നും സത്യം ചെയ്യണം.’ ഒഡിസിയൂസിന്റെ ആ ആവശ്യവും അവള് അനുസരിച്ചു.
വാള്‍മുന അവളുടെ കഴുത്തില്‍നിന്നു മാറ്റി. സഴ്സി പ്രണയപരവശയായി ഒഡിസിയൂസിനെ കെട്ടിപ്പുണര്‍ന്നു. ‘എന്നെ തോല്പിച്ച കരുത്തനാണങ്ങ്.’ അവള് അദ്ദേഹത്തിന്റെ ചെവിയില്‍ മന്ത്രിച്ചു.
അവള് പന്നികളാക്കി മാറ്റിയിരുന്ന ഒഡിസിയൂസിന്റെ പടയാളികളെ അല്പസമയത്തിനകം യഥാര്‍ഥ രൂപത്തിലാക്കി. കൊട്ടാരത്തിനു പുറത്ത് ഒഡിസിയൂസ് ഒളിപ്പിച്ചിരുന്നവരടക്കം എല്ലാവരേയും സഴ്സി വിളിച്ചു വരുത്തി. അവര്‍ക്ക് വിശിഷ്ട വിരുന്നു നല്കി. ഒരാഴ്ച അവിടെ താമസിച്ചശേഷമാണ് ഒഡിസിയൂസും സംഘവും ആ ദ്വീപില്‍നിന്നു യാത്രയായത്.