നെഹ്റുവിന്റെ പിൻമുറക്കാർ എന്തുകൊണ്ട് നെഹ്റുവിന്റെ പേര് ഒപ്പം ചേർക്കുന്നില്ലെന്ന മോദിയുടെ പരാമർശത്തിൽ കെ.സി വേണുഗോപാല്‍ എംപി പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി. മോദിയുടെ പരാമർശം സോണിയ ഗാന്ധിയേയും രാഹുലിനെയും അപമാനിക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയാണ് നോട്ടീസ്.അതേസമയം സഭയില്‍ സംസാരിക്കാൻ അനുവദിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി. രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും അദാനി വിഷയത്തില്‍ പ്രതിപക്ഷവും പ്രതിഷേധിച്ചതോടെ ഇരുസഭകളും തിങ്കളാഴ്ച വരേക്ക് പിരിഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യം ശക്തമാണെങ്കിൽ തന്നെ സംസാരിക്കാൻ അനുവദിക്കണമെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞത്. ആദാനി വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷവും രാജ്യസഭയിലും ലോക്സഭയിലും തിരിച്ചടിച്ചത്. ലോക്സഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുമ്പോൾ സൻസദ് ടിവി ശബ്ദംനല്‍കിയില്ല. പത്തു മിനിറ്റലധികം ശബ്ദം നല്കുന്നത് നിറുത്തി വച്ചു.