മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര നീട്ടി. ഇംഗ്ലണ്ടില്‍നിന്ന് മുഖ്യമന്ത്രി ഇന്നു ദുബൈയില്‍ എത്തും. രണ്ടു ദിവസം മുഖ്യമന്ത്രി ദുബായിയില്‍ ചെലവഴിക്കും. നിലവില്‍ മുഖ്യമന്ത്രിക്ക് യുഎഇയില്‍ ഔദ്യോഗിക പരിപാടികളില്ല. യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്നലെ നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
നരബലിയില്‍ നടുങ്ങി കേരളം. പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്കിരയായ പത്മയുടേയും റോസിലിയുടേയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഭഗവല്‍സിംഗ് എന്ന ബാബുവിന്റെ വീട്ടുപറമ്പില്‍ കുഴിച്ചിട്ട മൃതദേഹങ്ങളുടെ എല്ലുകളാണു ലഭിച്ചത്. അശ്ലീല വീഡിയോയില്‍ അഭിനയിച്ചാല്‍ പത്തു ലക്ഷം രൂപ തരാമെന്നു പ്രലോഭിപ്പിച്ചാണ് ഇവരെ നരബലിക്കായി കൊണ്ടുവന്നത്. അറസ്റ്റിലായ മുഹമ്മദ് ഷാഫി എന്ന റഷീദ്, ഭഗവത് സിംഗ്, ഭാര്യ ലൈല എന്നിവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലില്‍ കിടത്തി കൈകാലുകള്‍ കെട്ടിയിട്ട് തലക്കു ചുറ്റികകൊണ്ട് അടിച്ച് ബോധം കെടുത്തിയാണ് നരബലി നടത്തിയത്. കഴുത്തിലും സ്വകാര്യ ഭാഗത്തും കത്തി കുത്തിയിറക്കി. വീട് മുഴുവന്‍ രക്തം തളിച്ചാണ് പൂജ നടത്തിയത്. റോസിലിയുടെ മൃതദേഹം 22 കഷണങ്ങളാക്കി നാലരയടി ആഴമുള്ള കുഴിയില്‍ കുഴിച്ചിട്ടു. റോസിലിയേയും പത്മയേയും സമാനമായ രീതിയിലാണു കൊലപ്പെടുത്തിയത്.
സാമൂഹ്യ മാധ്യമത്തില്‍ ശ്രീദേവി എന്ന പേരില്‍ ഷാഫി വ്യാജ പ്രൊഫൈല്‍ തയാറാക്കിയാണ് ഭഗവല്‍സിംഗുമായി ചങ്ങാത്തമുണ്ടാക്കിയത്. പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാള്‍ പറയുന്നതനുസരിച്ചു ചെയ്താല്‍ ഐശ്വര്യമുണ്ടാകുമെന്നും വിശ്വസിപ്പിച്ച് സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കി. ആഭിചാരക്രിയയുടെ ഭാഗമെന്നു വിശ്വസിപ്പിച്ച് ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയെ പീഡിപ്പിച്ചു. പിന്നീട് നരബലി നടത്തിയാല്‍ പൂജ പൂര്‍ണമാകുമെന്ന് വിശ്വസിപ്പിച്ചാണ് നരബലി നടത്തിയത്.
റോസിലിയുടെ തിരോധനം അന്വേഷിക്കുകയായിരുന്ന പൊലീസ് ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് നരബലി കണ്ടെത്തിയത്. റോസിലി ഇലന്തൂരിലാണ് അവസാനം എത്തിയതെന്നു കണ്ടെത്തി. തുടര്‍ന്ന് മുഹമ്മദ് ഷാഫിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
രണ്ടു സ്ത്രീകളെ നരബലി നല്‍കുന്നതിനായി കൊലപ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. തിരുവനന്തപുരത്തെ സ്‌കൂളിലെ അധ്യാപികയായ ആലുവ സ്വദേശിനിയാണു പരാതിക്കാരി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം നല്‍കിയെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ആരോപിച്ചിരുന്നു. എല്‍ദോസ് കുന്നപ്പള്ളി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ ഇലക്ട്രിക് ബസ് നിര്‍മ്മാണം, സൈബര്‍ രംഗം, ഫിനാന്‍സ് എന്നീ മേഖലകളില്‍ നിക്ഷേപം നടത്തും. ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പു നല്‍കിയത്. തുടര്‍ ചര്‍ച്ചകള്‍ക്കായി ഗോപിചന്ദ് ഹിന്ദൂജ ഡിസംബറില്‍ കേരളം സന്ദര്‍ശിക്കും.
ശശി തരൂരിന് പാര്‍ലമെന്ററി സമിതി അദ്ധ്യക്ഷ സ്ഥാനം നല്കി കോണ്‍ഗ്രസ്. രാസവളം സമിതിയുടെ അദ്ധ്യക്ഷ സ്ഥാനമാണു തരൂരിനു നല്‍കിയത്. ലോക്സഭയില്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനം കിട്ടിയ ഏക സമിതിയാണിത്. നേരത്തെ ഐടി സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് കേന്ദ്ര സര്‍ക്കാര്‍ തരൂരിനെ മാറ്റിയിരുന്നു.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണ വാര്‍ത്തയ്ക്കുതാഴെ വിദ്വേഷ കമന്റിട്ട അധ്യാപികയെ സസ്പെന്റ് ചെയ്തു. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഗിരിജയെയാണ് സസ്പെന്റ് ചെയ്തത്. ഗിരിജയ്ക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു. കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരിയാണ് ഗിരിജ.
മധുകൊലക്കേസില്‍ മധുവിന്റെ അമ്മ മല്ലി, ബന്ധു മുരുകന്‍ എന്നിവരുടെ വിസ്താരത്തിനിടെ അമ്മ മല്ലി വിതുമ്പിക്കരഞ്ഞു. മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയിലായിരുന്നു വികാരനിര്‍ഭരമായ സംഭവം. സഹോദരി ചന്ദ്രികയെ വിസ്തരിക്കുന്നത് ഒഴിവാക്കി. തൊണ്ണൂറ്റിയേഴാം സാക്ഷിയും പൊലീസ് ഉദ്യോഗസ്ഥനുമായ വി വിനു , ടി റിയാസ് എന്നിവരുടെ വിസ്താരം ഇന്നുണ്ടാകും.