കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെ സമരം ചെയ്യാൻ പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി . ഡൽഹിയിൽ നടത്താൻ പോകുന്ന സമരത്തിൽ പ്രതിപക്ഷത്തോടും പങ്കെടുക്കണമെന്ന് ഇന്നത്തെ യോഗത്തിലാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. കേരളം ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാർ കൃത്യമായി ഫണ്ട് അനുവദിക്കാത്തത് കൊണ്ടാണെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടത്.പാർലമെൻറിന് മുന്നിലാണ് സർക്കാരും സിപിഎമ്മും സമരം പ്രഖ്യാപിച്ചത്. ഡൽഹിയിൽ നടത്തുന്ന ഭരണ-പ്രതിപക്ഷ സമരം കൂടുതൽ ഫലപ്രദമാകുമെന്ന് മുഖ്യമന്ത്രി ഇന്ന് യോഗത്തിൽ പറഞ്ഞു.
കേരളം ഇപ്പോൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം കേന്ദ്രസർക്കാർ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ ചില പ്രശ്നങ്ങൾക്ക്മാത്രമാണ് കേന്ദ്രസർക്കാർ നയങ്ങൾ കാരണമാകുന്നത്. ഡൽഹിയിൽ സമരം ചെയ്യാൻ വരണമോ എന്ന് താൻ ഒറ്റയ്ക്കല്ല തീരുമാനം എടുക്കുന്നത് എന്നും, മുന്നണിയുമായി ആലോചിച്ച ശേഷം മറുപടി അറിയിക്കാമെന്നും വീ ഡി സതീശൻ പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ധൂർത്തും കൃത്യമായി നികുതി പിരിച്ചെടുക്കാത്തതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.